– ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ
ലോകം യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും വേദനകളിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ, ഈസ്റ്റർ പുതുജീവന്റെ പ്രത്യാശയിലേക്കും സമാധാനത്തിന്റെ വഴിയിലേക്കും വിളിച്ചുയർത്തുന്നു. ക്രൂശിന് ശേഷം ഉയിർപ്പ് ഉണ്ടെന്ന വിശ്വാസം മനുഷ്യരാശിക്ക് വീണ്ടും സ്നേഹത്തെയും ഐക്യത്തെയും തിരികെ കണ്ടെത്താനുള്ള ആത്മവിശ്വാസമാണ് നൽകുന്നത്.
പുണ്യം പൂക്കുന്ന നോമ്പുകാലത്തിന്റെ ആത്മീയ അനുഭവങ്ങൾ പിന്നിട്ട്, യേശുക്രിസ്തുവിന്റെ ഉയിർപ്പിന്റെ മഹോത്സവത്തിലേക്ക് ക്രൈസ്തവ ലോകം പ്രവേശിക്കുമ്പോൾ, ഈസ്റ്റർ ലോകത്തോട് പ്രഖ്യാപിക്കുന്ന ശാശ്വത സത്യം ഇതാണ് – സ്നേഹത്തിന് മരണമില്ല; പ്രത്യാശയ്ക്ക് അസ്തമയമില്ല.
ഇന്നത്തെ ലോകം ഏറെ വേദനാജനകമായ യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുകയാണ്. വിവിധ രാജ്യങ്ങളിൽ തുടരുന്ന യുദ്ധങ്ങളും സംഘർഷങ്ങളും നിരപരാധികളായ അനേകം മനുഷ്യരുടെ ജീവനും സ്വപ്നങ്ങളും നശിപ്പിക്കുന്നു. കുട്ടികളുടെ കരച്ചിലും, കുടുംബങ്ങളുടെ വിച്ഛേദനവും, അഭയാർത്ഥികളുടെ ദുരിതവും മനുഷ്യരാശിയുടെ മനസ്സാക്ഷിയെ ചോദ്യം ചെയ്യുന്നുണ്ട്. അക്രമവും വിദ്വേഷവും വർഗീയതയും വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ, സമാധാനം പലപ്പോഴും ദൂരസ്ഥമായ ഒരു സ്വപ്നമായി മാറുന്നു. ഇത്തരം ഇരുള്മൂടിയ സാഹചര്യങ്ങളിൽ, ഈസ്റ്റർ നമ്മെ പ്രത്യാശയുടെ പ്രകാശത്തിലേക്ക് നയിക്കുന്നു.
ക്രൂശിന്റെ വേദനയും മരണവും അവസാനമല്ല; അതിന് അപ്പുറം ഉയിർപ്പ് ഉണ്ടെന്ന ദൈവിക സത്യമാണ് ഉയിർത്തെഴുന്നേറ്റ ക്രിസ്തു ലോകത്തോട് സാക്ഷ്യപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ, എത്രയേറെ യുദ്ധങ്ങളും വിഭജനങ്ങളും മനുഷ്യനെ തകർക്കാൻ ശ്രമിച്ചാലും, ദൈവസ്നേഹം മനുഷ്യഹൃദയങ്ങളിൽ പുതുജീവൻ പകരുമെന്ന ഉറപ്പാണ് ഈസ്റ്റർ നൽകുന്നത്.
യുദ്ധത്തിനുപകരം സമാധാനം തിരഞ്ഞെടുക്കാനും വിദ്വേഷത്തിനുപകരം സ്നേഹം വിതറാനും വിഭജനത്തിനു പകരം ഐക്യം സൃഷ്ടിക്കാനും ഈ ഈസ്റ്റർ നമ്മെ ക്ഷണിക്കുന്നു. ഓരോ മനുഷ്യനും ദൈവത്തിന്റെ സ്വരൂപമാണെന്ന ബോധ്യത്തോടെ, മനുഷ്യജീവിതത്തിന്റെ മഹത്വം സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാകണം.
ഈസ്റ്ററിന്റെ ആത്മാവിൽ, ലോകത്തിലെ എല്ലാ യുദ്ധഭൂമികളിലും സമാധാനം വിരിയട്ടെ. വേദനിക്കുന്ന മനുഷ്യഹൃദയങ്ങളിൽ ആശ്വാസം നിറയട്ടെ. മനുഷ്യരാശി സ്നേഹത്തിന്റെ വഴിയിലേക്ക് തിരിച്ചുവരട്ടെ. അതോടൊപ്പം തന്നെ, കാലാവസ്ഥാ വ്യതിയാനങ്ങൾ, സാമ്പത്തിക അസമത്വങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ, സാങ്കേതികവിദ്യയുടെ ദുരുപയോഗം എന്നിവ പോലുള്ള ആധുനിക വെല്ലുവിളികൾക്കും നാം ഉത്തരവാദിത്വത്തോടെ പ്രതികരിക്കേണ്ട സമയമാണിത്. മനുഷ്യന്റെ പുരോഗതി മനുഷ്യാവബോധത്തെയും കരുണയെയും മറികടക്കാതിരിക്കാനുള്ള ജാഗ്രത നമുക്കുണ്ടാകണം.
ഉയിർത്തെഴുന്നേറ്റ യേശുവിന്റെ സ്നേഹവും സമാധാനവും എല്ലാവരുടെയും ജീവിതങ്ങളിൽ നിറഞ്ഞുനിലക്കട്ടെ. ഈ ഈസ്റ്റർ പുതിയ ചിന്തകളിലേക്കും നീതിയുടെയും സത്യത്തിന്റെയും വഴിയിലേക്കും നയിക്കട്ടെ.
എല്ലാവർക്കും ഈസ്റ്റർ ആശംസകൾ…
