കൊടിയ അപമാനങ്ങൾക്കും കഠോര പീഡകൾക്കും ശേഷം മരണത്തിനുമേൽ വിജയം സ്ഥാപിച്ച ക്രിസ്തുവിന്റെ മഹത്തായ ഉയിർപ്പിന്റെ സ്മരണയിൽ ക്രൈസ്തവ ലോകം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. നിരാശകളുടെയും ദുരിതങ്ങളുടെയും ഇരുള് ചുരണ്ടിക്കടന്ന്, പ്രത്യാശയുടെ പുതുജീവൻ മനുഷ്യജീവിതത്തിൽ ഉദിക്കുമെന്ന ശാശ്വത വിശ്വാസത്തിന്റെ പ്രഖ്യാപനമാണ് ഈസ്റ്റർ.
എത്ര കഷ്ടപ്പാടുകളിലൂടെയും വേദനകളിലൂടെയും കടന്നുപോയാലും അതിനൊടുവിൽ ഒരു പുതുയാമം കാത്തിരിക്കുന്നുവെന്ന ആത്മവിശ്വാസമാണ് ഈസ്റ്റർ നൽകുന്നത്. പീഡാനുഭവങ്ങൾക്കു പിന്നാലെ സത്യം ഉയിർത്തെഴുന്നേൽക്കുമെന്ന ഉറച്ച സന്ദേശം ഓരോ ഹൃദയത്തിലും ഈ ദിനം പുതുക്കി എഴുതപ്പെടുന്നു.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളിൽ ആത്മീയ ഉണർവും പകർന്നു കൊണ്ട് ഈസ്റ്ററിന്റെ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും വിശുദ്ധ കുർബ്ബാനയും നടന്നു. അങ്കമാലി ഭദ്രാസനത്തിലെ പെരുമ്പാവൂർ മേഖലയിലെ നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു.
“ജീവിതത്തിന്റെ എല്ലാ വഴിത്താരകളിലും സമാധാനത്തിലേക്കുള്ള യാത്ര തുടർന്നുകൊണ്ടിരിക്കട്ടെ; പ്രത്യാശയോടെ മുന്നേറാൻ ഈസ്റ്റർ നമ്മെ പ്രചോദിപ്പിക്കട്ടെ” എന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ സന്ദേശത്തിൽ ആഹ്വാനം ചെയ്തു. യുദ്ധഭീതിയും നാളെയെക്കുറിച്ചുള്ള ആശങ്കകളും നിറഞ്ഞ ഇന്നത്തെ ലോകത്ത് സമാധാനം പലർക്കും ദൂരസ്വപ്നമായി മാറിയിരിക്കുകയാണ്. എന്നാൽ ആ ദൂരത്തിലുള്ള സമാധാനത്തെ പ്രത്യാശയുടെ കണ്ണുകളിലൂടെ കാണാൻ പുനരുത്ഥാനം നമ്മെ ശക്തിപ്പെടുത്തുന്നുവെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു.