പെരുമ്പാവൂർ ● ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ പുതുക്കി യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളിൽ ഇന്ന് ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾ നടക്കും.
അങ്കമാലി ഭദ്രാസനത്തിലെ പെരുമ്പാവൂർ മേഖലയിലെ നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ വൈകിട്ട് 6.30-ന് സന്ധ്യാ നമസ്കാരത്തോടെ ശുശ്രൂഷകൾക്ക് തുടക്കമാകും. തുടർന്ന് ഉയിർപ്പിന്റെ പ്രത്യേക ശുശ്രൂഷയും വിശുദ്ധ കുർബ്ബാനയും നടക്കും.
ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിക്കും.
ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.