കൊല്ലം, നിരണം, തുമ്പമൺ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ ‘മ്സബ്രോനോ നാസീഹോ’ കുര്യാക്കോസ് മോർ കൂറിലോസ് മെത്രാപ്പോലീത്തായുടെ 31-മത് ശ്രാദ്ധപ്പെരുന്നാൾ മാർച്ച് 21 ന് പരിശുദ്ധ സുറിയാനി സഭ കൊണ്ടാടുന്നു.
പ്രതിസന്ധി നാളുകളിൽ തെക്കൻ ഭദ്രാസനങ്ങളെ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനവുമായുള്ള ബന്ധത്തിൽ ഉറപ്പിച്ചു നിർത്തുവാൻ അക്ഷീണം പരിശ്രമിച്ച പിതാവായിരുന്നു മോർ കൂറിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത. എം.ജെ.എസ്.എസ്.എ യുടെ പ്രസിഡന്റ് ആയി അനേക വർഷം അദ്ദേഹം പ്രവർത്തിച്ചു. പരിശുദ്ധ പാത്രീയർക്കീസ് ബാവയിൽ നിന്നും ‘മ്സബ്രോനോ നാസീഹോ’ (ഉത്തമ സുവിശേഷകൻ) എന്ന ബഹുമതി ലഭിച്ചിരുന്നു. 1995 മാർച്ച് 21 ന് അഭിവന്ദ്യ പിതാവ് കാലം ചെയ്യുകയും അടൂർ അരമന ചാപ്പലിൽ കബറടക്കപ്പെടുകയും ചെയ്തു.
പുണ്യശ്ലോകനായ മോർ കൂറിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മേപ്രാൽ പൂതിക്കോട്ട് പായിക്കണ്ടത്തിൽ ചെറിയാൻ ജോർജിന്റെയും അന്നമ്മയുടെയും മകനായി 1935 മെയ് 1 നു ജനിച്ചു. വീയപുരം സെന്റ് തോമസ് സ്കൂൾ, തിരുവല്ല എം.ജി.എം ഹൈസ്കൂൾ, ആലുവ യു.സി കോളേജ്, കോട്ടയം സി.എം.എസ് കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.
1956 മെയ് 8 ന് മേപ്രാൽ സെന്റ് ജോൺസ് വലിയ പള്ളിയിൽ വച്ച് മോർ ഗ്രിഗോറീയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയിൽ നിന്നും (വയലിപ്പറമ്പിൽ) കോറൂയോ പട്ടം സ്വീകരിച്ചു. വൈദിക വിദ്യാഭ്യാസം വന്ദ്യ മാടപ്പാട്ട് യാക്കോബ് റമ്പാച്ചൻ്റെ മേൽനോട്ടത്തിൽ പൂർത്തീകരിച്ചു. മലങ്കരമല്പാൻ കണിയാംപറമ്പിൽ കുര്യൻ കോറെപ്പിസ്കോപ്പായും തിരുമേനിയുടെ ഗുരുനാഥനാണ്.
1961ൽ കുമരകം ആറ്റാമംഗലം പള്ളിയിൽ വച്ച് അമേരിക്കയുടെയും, കാനഡയുടെയും ആർച്ച് ബിഷപ്പ് മോർ അത്താനാസിയോസ് യേശു ശമുവേൽ മെത്രാപ്പോലീത്തായിൽ നിന്ന് യൗഫദ്യക്കിനോ പട്ടം സ്വീകരിച്ചു. 1962 ഫെബ്രുവരി 2-ാം തീയതി പിറമാടം ദയറായിൽവച്ച് പുണ്യശ്ലോകനായ മോർ ഫീലക്സിനോസ് (പിന്നീട് ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേ ലിയോസ് പൗലോസ് രണ്ടാമൻ) തിരുമേനിയിൽനിന്ന് കശ്ശീശ പട്ടം സ്വീകരിച്ചു.
മേപ്രാൽ വലിയ പള്ളി വികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന കാലയളവിൽ കൊല്ലം, നിരണം, തുമ്പമൺ ഭദ്രാസന പള്ളി പ്രതിപുരുഷയോഗം മെത്രാപ്പോലീത്ത സ്ഥാനത്തേക്കു തെരഞ്ഞെടുത്തു. 1974 ജൂലൈ 21-ാം തീയതി പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവാ ദമാസ്ക്കസിലെ സെൻ്റ് ജോർജ്ജ് കത്തീഡലിൽ വച്ച് മോർ കൂറിലോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിച്ചു.
സഭാകേസിന്റെ നടത്തിപ്പിൽ മുഖ്യ പങ്കുവഹിച്ച തിരുമേനി പ്രമേഹ രോഗിയായിരുന്നു. വിശ്രമരഹിതമായ ജീവിതക്രമം തിരുമേനിക്ക് താങ്ങാവുന്നതിനുപ്പുറമായിരുന്നു. എന്നിരുന്നാലും രണ്ടു പതിറ്റാണ്ടത്തെ സേവനങ്ങൾ സഭാമക്കൾക്ക് മറക്കാവുന്നതല്ല. അടൂർ മീഖായേൽ മോർ ദീവന്നാസിയോസ് ഐ.ടി.സി., വിലവൂർകോണം ഡെലിഗേറ്റ് മോർ ജൂലിയോസ് യു.പി സ്ക്കൂൾ, ആദിച്ചനെല്ലൂർ സ്ക്കൂൾ, സെൻ്റ് മേരീസ് സ്നേഹസദനം എന്നിവ തിരുമേനി സ്ഥാപിച്ചതാണ്. മഞ്ഞനിക്കര തീർത്ഥാടകരുടെ സൗകര്യാർത്ഥം പല ക്രമീകരണങ്ങളും തിരുമേനി ചെയ്തിട്ടുണ്ട്. ആറന്മുളയിൽ കുരിശുംതൊട്ടി പണിയിക്കുകയും തീർത്ഥാടകർക്ക് ഭക്ഷണപൊതി വിതരണം ചെയ്യുന്നതിന് ക്രമീകരണങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
ഒരു പതിറ്റാണ്ട് സണ്ടേസ്കൂൾ അസോസിയേഷൻ പ്രസിഡൻ്റായിരുന്ന തിരുമേനി അടൂരിൽ ഭദ്രാസന ആസ്ഥാനവും ചാപ്പലും സ്ഥാപിച്ച് പണികൾ നടത്തിവരുന്നതിനിടയിലാണ് 1995 മാർച്ച് 21-ാം തീയതി അടൂരിൽവച്ച് കാലംചെയ്തത്. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽനിന്ന് മ്സബ്രോനോ നാസിഹോ (ഉത്തമ സുവിശേഷകൻ) എന്ന ബഹുമതി തിരുമേനിക്കു നല്കിയിട്ടുണ്ട്.
മേപ്രാൽ വലിയപള്ളിയുടെ സമീപത്തുള്ള ഒരു ചെറിയ കെട്ടിടമായിരുന്നു തിരുമേനിയുടെ അരമന. പരിമിതമായ സൗകര്യങ്ങളിൽ ലളിതമായ ജീവിതം നയിച്ച തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാൾ മാർച്ച് 21-ാം തീയതി സുറിയാനി സഭ ആചരിക്കുന്നു.
