മലങ്കരയിലെ സുറിയാനി സഭാമക്കളുടെ ഹൃദയത്തിൽ എന്നും സൂര്യതേജസ്സായി നിലനിൽക്കുന്ന പരിശുദ്ധ സാഖാ പ്രഥമൻ പാത്രിർക്കീസ് ബാവായുടെ 12-ാമത് ഓർമ്മപ്പെരുന്നാൾ മാർച്ച് 21 ന് പരിശുദ്ധ സുറിയാനി സഭ ആചരിക്കുന്നു. മുപ്പത്തിമൂന്നര വർഷം വിശുദ്ധ പത്രോസിന്റെ അന്ത്യോഖ്യായിലെ സിംഹാസനത്തിൽ 122-ാമത് പാത്രിയർക്കീസായ പരിശുദ്ധ ബാവ ലാളിത്യം, സന്തോഷം, ആദരം, നിഷ്കളങ്കത എന്നീ ഗുണങ്ങളുടെ വിളനിലമായിരുന്നു. അന്ത്യോഖ്യാ മലങ്കര ബന്ധത്തിന്റെ തീക്ഷ്ണമായ അളവുകോലായിരുന്നു പരിശുദ്ധ ബാവയുമായിട്ടുള്ള ബന്ധം. മലങ്കരയിൽ നടത്തിയ 4 ശ്ലൈഹിക സന്ദർശനങ്ങൾ സഭാ മക്കൾക്ക് ബാവായെ പ്രിയങ്കരനാക്കി. പരിശുദ്ധ ബാവാ തിരുമനസ്സിലെ തേജോമയമായ മുഖം എല്ലാവരുടെയും ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടി.
1995 ലെ സുപ്രീം കോടതി വിധിക്കു ശേഷം എല്ലാം നഷ്ടപ്പെട്ടു എന്ന് ചിന്തിച്ച് മലങ്കരയിലെ ആട്ടിൻ കൂട്ടങ്ങളെ മേയിക്കുന്നതിന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായെ വാഴിച്ചു തന്നത് ആ മഹാസ്നേഹത്തിന്റെ ആഴമാണ് കാണിക്കുന്നത്. ആകമാന സുറിയാനി സഭയിൽ ദീർഘനാൾ നീണ്ട ഭരണ കാലം സിറിയൻ പ്രദേശത്തുണ്ടായ തളർച്ചയെ അതിജീവിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ സഭക്ക് ഉജ്ജ്വലമായ വളർച്ചയ്ക്ക് ബാവാ നേതൃത്വം നൽകി. വേൾഡ് ക്രിസ്ത്യൻ കൗൺസിലിന്റെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചിട്ടുള്ള പരിശുദ്ധ ബാവായുടെ കാലത്ത് വളർച്ചയിലും എക്യുമെനിക്കൽ കാഴ്ചപ്പാടിലും സുറിയാനി സഭയ്ക്ക് വലിയ നേട്ടങ്ങൾ കൈവരിക്കുവാൻ സാധിച്ചു. 1964 ൽ വിശുദ്ധ മാർത്തോമ ശ്ലീഹായുടെ തിരുശേഷിപ്പ് മൂസലിലെ സെന്റ് തോമസ് പള്ളിയിൽ നിന്ന് കണ്ടെടുക്കുവാനായത് പരിശുദ്ധ ബാവായുടെ ജീവിതത്തിലെ അപൂർവ്വ നിമിഷങ്ങളായിരുന്നു.
1980 സെപ്റ്റംബർ 14 ന് പാത്രിയർക്കീസ് ബാവയായി സ്ഥാനാരോഹണം ചെയ്തു. 1982, 2000, 2004, 2008 വർഷങ്ങളിൽ മലങ്കരയിൽ ശ്ലൈഹിക സന്ദർശനം നടത്തി. ഇംഗ്ലീഷിലും, അറബിയിലും, സുറിയാനിയിലുമായി 20 ൽ പരം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. മലങ്കരയിൽ ഉൾപ്പെടെ 59 മെത്രാപ്പോലീത്തന്മാരെ പരിശുദ്ധ ബാവ വാഴിച്ചിട്ടുണ്ട്. മലങ്കരയിലെ സുറിയാനി സഭയെ ഏറെ കരുതിയ പരിശുദ്ധ ബാവ 2014 മാർച്ച് 21 ന് കാലം ചെയ്ത് മാർച്ച് 28 ന് ഡമാസ്ക്കസിലെ സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് കത്തീഡ്രലിൽ കബറടങ്ങി.
മലങ്കര സഭയെ ഹൃദയത്തിൽ ചേർത്തു നിർത്തിയ മഹാചാര്യനായിരുന്നു പരിശുദ്ധ ബാവ. സഭയുടെ നവയുഗ ശില്പി, മഹാന്മാരുടെ നിരയിലെ ധ്രുവ നക്ഷത്രം, സുറിയാനി സഭയുടെ പ്രകാശ ഗോപുരം തുടങ്ങി അനേക വിശേഷണങ്ങൾ ബാവായ്ക്കുണ്ട്. പ്രതിസന്ധികളിൽ തളരാതെ നമ്മെ മേയിച്ച ഭാഗ്യവാനായ യുഗപ്രഭാവൻ പരിശുദ്ധ ബാവ നമുക്ക് എന്നും ദൈവസന്നിധിയിൽ മദ്ധ്യസ്ഥനായിരിക്കും.
