വിശ്വാസവഴികളിൽ അഞ്ചു പതിറ്റാണ്ടുകൾക്ക് മുൻപ് ആരംഭിച്ച ആ ആത്മീയ യാത്ര, ഇന്ന് ശ്രേഷ്ഠ ഇടയത്വത്തിന്റെ ധന്യമായ ഒന്നാം വർഷത്തിന്റെ നിറവിൽ നിൽക്കുന്നു. മാർച്ച് 25 വചനിപ്പ് പെരുന്നാൾ ദിനം ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് ബാവായുടെ ജീവിതത്തിലെ ദൈവനിയോഗത്തിന്റെ സുവർണ്ണ അടയാളങ്ങളാണ്.
ചരിത്രവഴികളിലെ ദൈവനിയോഗങ്ങൾ:
1974 മാർച്ച് 25: പുണ്യശ്ലോകനായ പെരുമ്പള്ളി തിരുമേനി കണ്ടെത്തിയ ആ ഇടയബാലന് മഞ്ഞിനിക്കര ദയറായിൽ വെച്ച് ശെമ്മാശ്ശപട്ടം നൽകി അനുഗ്രഹിച്ച ധന്യനിമിഷം.
1984 മാർച്ച് 25 : പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ മുളന്തുരുത്തി മാർത്തോമൻ ചാപ്പലിൽ വെച്ച് ജോസഫ് ശെമ്മാശനെ കശ്ശീശാ പദവിയിലേക്ക് ഉയർത്തിയ ചരിത്ര ദിനം.
2025 മാർച്ച് 25: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ, ലബനോനിലെ ബെയ്റൂട്ടിലെ സെൻ്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിൽ വെച്ച് ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവയായി അഭിഷിക്തനായ സുവർണ്ണ നിമിഷം.
ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ പിൻഗാമിയായി, യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയെ പുതുയുഗത്തിലേക്ക് നയിക്കുന്ന ആത്മീയ നായകൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് കാതോലിക്ക സ്ഥാനാരോഹണത്തിന്റെ പ്രഥമ വാർഷിക വേളയിൽ ഹൃദയം നിറഞ്ഞ പ്രാർത്ഥനാശംസകൾ.
