മാർച്ച് 17: കൊച്ചി ഭദ്രാസനത്തിൻ്റെ രണ്ടാമത്തെ ഇടയനായിരുന്ന മുളയിരിക്കൽ പൗലോസ് മാർ സേവേറിയോസ് തിരുമേനിയുടെ(1910 – 1962) 64-ാമത് ഓർമ്മപ്പെരുന്നാൾ മാർച്ച് 17-ന് ആചരിക്കുന്നു.
കബറിടം : കുന്നംകുളം ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളി
കൊച്ചി ഭദ്രാസനത്തിന്റെ രണ്ടാമത്തെ മെത്രാപ്പോലീത്ത ആയിരുന്ന മോർ സേവേറിയോസ് പൗലോസ് മുളയിരിക്കൽ ചെറായി സെൻ്റ് മേരീസ് വലിയ പള്ളി ഇടവകയിൽ ഇട്ടൂപ്പിന്റെയും ഇളച്ചിയുടെയും മകനായി 1910 നവംബർ 6ന് ജനിച്ചു. ബാല്യത്തിലെ ദൈവ ഭക്തനായി വളർന്ന പൗലോസ് തന്റെ ജീവിതം കർത്താവിന് വേണ്ടി സമർപ്പിക്കുവാൻ തീരുമാനിച്ചു. മാതാപിതാക്കൾ അദേഹത്തിന്റെ തീരുമാനത്തെ പ്രോത്സാഹിപ്പിച്ചു. സ്കൂൾ വിദ്യാഭ്യാസ ശേഷം പൗലോസ് 3 വർഷം മുറിമറ്റത്തിൽ ഗീവർഗീസ് അച്ചന്റെ കീഴിൽ സുറിയാനി അഭ്യസിച്ചു. ആലുവയിലെ പരിശുദ്ധ പൗലോസ് മാർ അത്താനാസിയോസ് വലിയ തിരുമേനി പൗലോസിന് 1926-ൽ ആരകുന്നം സെൻ്റ് ജോർജ് പള്ളിയിൽ വെച്ച് ശെമ്മാശ പട്ടം നൽകി.
തുടർന്ന് പൗലോസ് ശെമ്മാശ്ശൻ ആലുവ തൃക്കുന്നത്ത് സെമിനാരിയിലേക്ക് താമസം മാറ്റി. അവിടെ വെച്ച് അദ്ദേഹത്തിന് ലഭിച്ച സുഹൃത്ത് ആണ് വയലിപറമ്പിൽ ഗീവർഗീസ് ശെമ്മാശ്ശൻ (പിന്നീട് അങ്കമാലി ഭദ്രാസനത്തിന്റെ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത). ഇരുവരും മരണം വരെ നല്ല സുഹൃത്തുക്കൾ ആയിരുന്നു. സെമിനാരിയിൽ മാറാച്ചേരി ബഹുമാനപ്പെട്ട ഇട്ടിരാ മൽപാന്റെ കീഴിൽ സുറിയാനി അഭ്യസിച്ച പൗലോസ് ശെമ്മാശൻ വളരെ പെട്ടന്ന് സുറിയാനിയിൽ അഗ്രഗണ്യനായി മാറി. ശെമ്മാശൻ്റെ ഇമ്പകരമായ സ്വരം ആരെയും ആകർഷിക്കുന്നതുമായിരുന്നു. സുറിയാനി ഗ്രന്ഥങ്ങൾ പകർത്തി എഴുതുന്നതിലും പാടുന്നതിലും മികവ് പുലർത്തിയിരുന്നു. പിന്നീട് പൗലോസ് ശെമ്മാശ്ശൻ വിദ്യാർത്ഥികളെ സുറിയാനി പഠിപ്പിക്കുകയും ചെയ്തു. പരിശുദ്ധ വലിയ തിരുമേനിയോടൊപ്പമുള്ള ശെമ്മാശ്ശന്റെ വാസം അദ്ദേഹത്തെ പ്രാർത്ഥന, നോമ്പ്, ഉപവാസം തുടങ്ങിയ ആത്മീയ നിഷ്ഠകളിൽ തീഷ്ണതയുള്ള വ്യക്തി ആക്കി മാറ്റി. അദ്ദേഹം ഒരു താപസന്റെ തലത്തിലേക്ക് ഉയർന്നു വന്നു.
1930-ൽ പരിശുദ്ധ വലിയ തിരുമേനി കശ്ശീശ പട്ടവും 1934 ഓഗസ്റ്റ് 19-ന് റമ്പാൻ സ്ഥാനവും നൽകി. തുടർന്ന് സെമിനാരിയിലെ സുറിയാനി മല്പാൻ ആയി സേവനം അനുഷ്ഠിച്ചു. ക്നാനായ ഭദ്രാസനത്തിന്റെ എബ്രഹാം മോർ ക്ലീമിസ് വലിയ തിരുമേനി, ഞാർത്താങ്കൽ കോരുത് മല്പാൻ, മുൻ വൈദിക ട്രസ്റ്റി കല്ലൂപ്പറമ്പിൽ വി.എം. ഗീവർഗീസ് അച്ചൻ അടക്കം നിരവധി വൈദിക ശ്രേഷ്ഠരുടെ ഗുരു ആയിരുന്നു റമ്പാച്ചൻ. 1939-ൽ കൊരട്ടിക്കടുത്തുള്ള മാമ്പ്രയിൽ റമ്പാച്ചൻ മോർ കുര്യാക്കോസ് സഹദായുടെ നാമത്തിൽ ഒരു ദൈവാലയവും സ്ഥാപിച്ചു. 1944-ൽ കൂടിയ പള്ളി പ്രതിപുരുഷ യോഗത്തിൽ അങ്കമാലി ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്ത ആയി വയലിപറമ്പിൽ തോമസ് വർഗീസ് അച്ചനെയും കൊച്ചി ഭദ്രാസനത്തിനായി മുളയിരിക്കൽ പൗലോസ് റമ്പാച്ചനെയും മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. തുടർന്ന് 1946-ൽ അന്തോഖ്യ പ്രതിനിധി ഏലിയാസ് മോർ യൂലിയോസ് ബാവായോടൊപ്പം സ്ഥാനാർഥികൾ ഹോംസിലേക്ക് പോയി. വന്ദ്യ പൗലോസ് റമ്പാച്ചന്റെ സുറിയാനി ആലാപനത്തിൽ പരി. അപ്രേം പ്രഥമൻ പാത്രിയർക്കീസ് ബാവ ഏറെ ആകർഷിക്കപ്പെട്ടു. 1946 ഓഗസ്റ്റ് 4-ന് പരിശുദ്ധ അപ്രേം പ്രഥമൻ ബാവായുടെ കാർമികത്വത്തിൽ ഗീവർഗീസ് റമ്പാനെയും, പൗലോസ് റമ്പാനെയും മെത്രാപ്പോലീത്തമാരായി വാഴിച്ചു. ഗീവർഗീസ് റമ്പാനെ അങ്കമാലി ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയായി ഗീവർഗീസ് മോർ ഗ്രീഗോറിയോസ് എന്ന നാമധേയത്തിലും, പൗലോസ് റമ്പാനെ കൊച്ചി ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി മോർ സേവേറിയോസ് എന്ന നാമധേയത്തിലും വാഴിച്ചു.
1886-ൽ ശെമവൂൻ മാർ ദിവന്നാസിയോസ് തിരുമേനിക്ക് ശേഷം 60 വർഷങ്ങൾ കഴിഞ്ഞാണ് കൊച്ചി ഭദ്രാസനത്തിന് ഒരു മേല്പട്ടക്കാരനെ വാഴിക്കുന്നത്. മടക്കയാത്ര സമയത്തു പരിശുദ്ധ പാത്രിയാർക്കീസ് ബാവ ഒരു ചോദ്യം ചോദിച്ചു. സേവേറിയോസെ മലങ്കരയിൽ നീ എവിടെ താമസിക്കും, എവിടെ ആയിരിക്കും നിന്റെ ഭവനം കാരണം അന്നു കൊച്ചി ഭദ്രാസനത്തിന് ഒരു ആസ്ഥാന മന്ദിരം ഇല്ലായിരുന്നു. അപ്പോൾ മോർ സേവേറിയോസ് തിരുമേനി പറഞ്ഞു പരി. ബാവായുടെ പ്രാർത്ഥന മതി എന്ന് പറഞ്ഞു. പിന്നീട് മോർ സേവേറിയോസ് തിരുമേനി തന്റെ ആസ്ഥാന മന്ദിരമായ കൊരട്ടി സെൻ്റ് കുര്യാക്കോസ് സീയോൻ ആശ്രമം സ്ഥാപിച്ചപ്പോൾ പരിശുദ്ധ ബാവായെ തിരുമേനി നന്ദി പൂർവ്വം സ്മരിച്ചു. 15 വർഷത്തെ തിരുമേനിയുടെ ഭദ്രാസന കാലം കൊച്ചി ഭദ്രാസനത്തിന്റെ ഉയർച്ചയുടെ കാലമായിരുന്നു. അനേക വൈദിക ശ്രേഷ്ഠർക്ക് തിരുമേനി പട്ടം നൽകി. കട്ടിലപ്പൂവം സെൻ്റ് മേരീസ്, മരോട്ടിച്ചാൽ സെൻ്റ് ജോർജ് തുടങ്ങി അനേക ദൈവാലയങ്ങൾ സ്ഥാപിച്ചു. ശീമയിൽ നിന്ന് തിരുമേനിക്ക് ലഭിച്ച മാർ ബെഹനാം സഹദായുടെ തിരുശേഷിപ്പ് വടയാപറമ്പ് മാർ ബെഹന്നാൻ പള്ളിയിലും മാർ കൗമായുടെ തിരുശേഷിപ്പ് തൃപ്പൂണിത്തുറ നടമേൽ പള്ളിയിലും സ്ഥാപിച്ചു. 1958-ൽ സഭാ സമാധാനകാലത്ത് അദ്ദേഹം കൊച്ചി ഭദ്രാസനത്തിന്റെ കൂടാതെ പുതുതായി രൂപീകരിക്കപ്പെട്ട മലബാർ ഭദ്രാസനത്തിന്റെ ചുമതല കൂടി വഹിച്ചു. തിരുമേനിയുടെ പ്രവർത്തനത്താൽ മലബാർ ഭദ്രാസനം വളർന്നു. 1962 ൽ കുന്നംകുളം ആർത്താറ്റ് സെൻ്റ് മേരീസ് സിംഹാസന പള്ളിയിൽ പരിശുദ്ധ സ്ലീബാ ഒസ്താത്തിയോസ് ബാവായുടെ ശ്രാദ്ധ പെരുന്നാളിന് പങ്കെടുക്കാൻ വന്ന തിരുമേനി 1962 മാർച്ച് 17-ന് കാലം ചെയ്തു. മാർച്ച് 18-ന് കുന്നംകുളം സിംഹാസന പള്ളിയിൽ കബറടക്കം നടത്തപ്പെട്ടു.
15 വർഷകാലം കൊച്ചി ഭദ്രാസനത്തെ സ്തുത്യർഹമായി ശുശ്രുഷിച്ച പുണ്യശ്ലോകനായ പൗലോസ് മോർ സേവേറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ പരിശുദ്ധ സഭ മാർച്ച് 17-ന് ആചരിക്കുന്നു.
