കോട്ടയം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിന് എതിർവശം നേതാജി റോഡിൽ നിർമ്മിച്ച ‘സാൻജോസ് മന്ദിരം’ കൂദാശ ചെയ്തു. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയും എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത കൂദാശ കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു.
തുടർന്ന് നടന്ന ഭദ്രാസന കൗൺസിൽ, വൈദിക യോഗം എന്നിവയിൽ ഭദ്രാസനത്തിലെ കോർ എപ്പിസ്ക്കോപ്പാമാരും വൈദികരും പങ്കെടുത്തു. ചടങ്ങുകൾക്ക് ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു ജോസ് ചെന്നിക്കര നേതൃത്വം നൽകി.
കെട്ടിട സമുച്ചയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (മാർച്ച് 14, ശനിയാഴ്ച) വൈകിട്ട് 4.30-ന് നടക്കും. അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രജിസ്ട്രേഷൻ – ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
ചടങ്ങിൽ കോട്ടയം എം.പി ഫ്രാൻസിസ് ജോർജ്, എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുനിസിപ്പാലിറ്റി 18-ാം വാർഡ് കൗൺസിലർ ജോഫി മരിയ ജോൺ, അഡ്വ. ഫിൽസൺ മാത്യൂസ് തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. മന്ദിരത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയവരെയും പിന്നിൽ പ്രവർത്തിച്ച വിശിഷ്ട വ്യക്തികളെയും ചടങ്ങിൽ ആദരിക്കും. ഉദ്ഘാടനത്തിന് ശേഷം ഭദ്രാസന പള്ളി പ്രതിപുരുഷ യോഗം സാൻജോസ് മന്ദിരത്തിൽ ചേരുമെന്ന് ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു ജോസ് (ഫോൺ: 9447958965) അറിയിച്ചു.
