യൂറോപ്പ് ● ലോകമെമ്പാടും അശാന്തിയുടെ കാർമേഘങ്ങൾ നിറഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിൽ, സമാധാനത്തിനായി ഏകോപിച്ച് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനം. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ മാർച്ച് 2-ന് ചേർന്ന നോമ്പുകാല വൈദീക ധ്യാനത്തിലാണ് സമാധാന സന്ദേശം ഉയർത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന യുദ്ധങ്ങൾ നിരപരാധികളുടെ ജീവൻ അപഹരിക്കുകയും വലിയ ദുരിതങ്ങൾ വിതയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, വിശ്വാസികൾ പ്രാർത്ഥനയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു.
“യുദ്ധവും അക്രമവും മൂലം കഷ്ടപ്പെടുന്നവർക്കായി നമ്മുടെ ദൈനംദിന പ്രാർത്ഥനകളിൽ പ്രത്യേകമായി ഓർക്കണം. നോമ്പുകാലം ദൈവത്തോടു കൂടുതൽ അടുക്കാനും, ആത്മപരിശോധനയിലൂടെ ജീവിതത്തിൽ നന്മകൾ നിറയ്ക്കാനുമുള്ള സുവർണ്ണാവസരമാണ്,” മെത്രാപ്പോലീത്ത സന്ദേശത്തിൽ വ്യക്തമാക്കി.
പ്രാർത്ഥന, ഉപവാസം, ദാനധർമ്മങ്ങൾ എന്നിവയിൽ വിശ്വാസികളെ നയിക്കുന്നതിനൊപ്പം, ഇടവകയുടെ ആത്മീയ വളർച്ചയ്ക്കായി വൈദീകർ സ്വയം ആത്മീയ ഫലങ്ങളിൽ വളരേണ്ടതിന്റെ പ്രാധാന്യവും മെത്രാപ്പോലീത്ത ഊന്നിപ്പറഞ്ഞു.
ധ്യാനത്തിന് ശേഷം, ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലും നടക്കേണ്ട കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രൂഷകളെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു. വിശ്വാസികൾക്ക് ആത്മീയമായി പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിൽ വിശുദ്ധ വാര ശുശ്രൂഷകൾ ഭക്തിപൂർവ്വം ക്രമീകരിക്കാൻ യോഗം തീരുമാനിച്ചു.
വന്ദ്യ ജോഷുവാ റമ്പാൻ, ഫാ. ഡോ. തോമസ് ജേക്കബ്, ഫാ. എൽദോസ് വട്ടപ്പറമ്പിൽ, ഫാ. എൽജോ അവർച്ചൻ, ഫാ. എലിയാസ് വർഗീസ്, ഫാ. പോൾ പി. ജോർജ്, ഫാ. റെൻജു കുര്യൻ, ഫാ. ജിനു ടി. ജോയ്, ഫാ. എൽദോസ് ജോർജ്, ഫാ. പോൾ ബേബി, ഫാ. ജിജോ ജോൺ, ഫാ. അലന് ഷിയാര്, റവ. ഡീക്കൻ ജൂവൽ രാജു എന്നിവർ യോഗത്തിൽ പങ്കെടുത്തു.
