പുത്തൻകുരിശ് ● പശ്ചിമേഷ്യയിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്ന യുദ്ധങ്ങൾ മനുഷ്യരാശിക്ക് വലിയ ഭീഷണിയാകുന്ന സാഹചര്യത്തിൽ ലോകസമാധാനത്തിനായി വിശ്വാസികൾ പ്രത്യേകമായി പ്രാർത്ഥിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ആഹ്വാനം ചെയ്തു. ഇതുസംബന്ധിച്ച് പുറത്തിറക്കിയ സർക്കുലറിലൂടെയാണ് ബാവ ഇക്കാര്യം വ്യക്തമാക്കിയത്.
യുദ്ധഭീതിയിലും അരക്ഷിതാവസ്ഥയിലും വിദേശരാജ്യങ്ങളിൽ കഴിയുന്ന സഹോദരങ്ങളെയും, അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയോടെ കഴിയുന്ന കുടുംബാംഗങ്ങളെയും ദൈവസന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കണമെന്ന് ബാവ ഓർമ്മിപ്പിച്ചു. യുദ്ധങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും, ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്താൻ ലോകനേതാക്കൾ ആത്മാർത്ഥമായി ഇടപെടണമെന്നും ബാവ ആവശ്യപ്പെട്ടു. ഭരണകർത്താക്കൾക്ക് അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും മനസ്സ് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
യുദ്ധത്തിൻ്റെ കെടുതികൾ അവസാനിക്കുന്നതുവരെ, സഭയുടെ ദൈവാലയങ്ങളിൽ എല്ലാ ഞായറാഴ്ചയും വിശുദ്ധ കുർബ്ബാനാനന്തരവും മറ്റു പ്രധാന ആത്മീയ കൂടിവരവുകളിലും ലോകസമാധാനത്തിനായും യുദ്ധത്തിൽ കഴിയുന്നവരുടെ സുരക്ഷയ്ക്കായും പ്രത്യേക പ്രാർത്ഥനകൾ നടത്താൻ ബാവ വിശ്വാസികൾക്ക് നിർദ്ദേശം നൽകി.
യുദ്ധക്കെടുതികൾ അനുഭവിക്കുന്ന ലോകത്തിലെ മുഴുവൻ ജനവിഭാഗങ്ങളെയും ദൈവസന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നതായി ബാവ സന്ദേശത്തിൽ അറിയിച്ചു.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ
07/03/2026
