പുത്തൻകുരിശ് ● മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണിക്കൃഷ്ണന്റെ നിര്യാണത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുശോചനം രേഖപ്പെടുത്തി. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് ബാവ അനുസ്മരിച്ചു.
കേരളത്തിലും ദേശീയ രാഷ്ട്രീയരംഗത്തും ശ്രദ്ധേയ സാന്നിധ്യമായിരുന്ന അദ്ദേഹം, സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ കൃത്യമായ ദിശാബോധവും ദീർഘവീക്ഷണവും പുലർത്തിയ നേതാവായിരുന്നു. പത്രപ്രവർത്തന രംഗത്തു നിന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം, ജനകീയ രാഷ്ട്രീയത്തിന്റെ കരുത്തുറ്റ വക്താവായാണ് അറിയപ്പെട്ടത്.
ഗൾഫ് യുദ്ധകാലത്ത് ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിൽ അദ്ദേഹം നൽകിയ നേതൃത്വവും, പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ പ്രകടിപ്പിച്ച സവിശേഷമായ കരുതലും ഇടപെടലുകളും എക്കാലവും സ്മരണീയമാണെന്ന് ബാവ പറഞ്ഞു.
മികവുറ്റ വാഗ്മിയും നയതന്ത്രജ്ഞനുമായിരുന്ന അദ്ദേഹം ന്യൂനപക്ഷ വിഭാഗങ്ങളുമായി എന്നും അടുത്ത ഹൃദയബന്ധം പുലർത്തിയിരുന്നു. പുരോഗമന ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ അദ്ദേഹം സദാ ജാഗ്രത കാട്ടിയിരുന്നു.
മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ കരുത്തുറ്റ മുഖമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ദേശീയ രാഷ്ട്രീയത്തിനും ജനാധിപത്യ പ്രസ്ഥാനങ്ങൾക്കും നികത്താനാവാത്ത നഷ്ടമാണെന്ന് ബാവ കൂട്ടിച്ചേർത്തു.
അസുഖബാധിതനായി വിശ്രമത്തിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ കോഴിക്കോട് ചെന്ന് സന്ദർശിച്ച ഓർമ്മകളും ബാവ പങ്കുവെച്ചു. കെ.പി. ഉണ്ണിക്കൃഷ്ണന്റെ നിര്യാണത്തിൽ പരിശുദ്ധ സഭയുടെ ആദരാഞ്ജലികളും പ്രാർത്ഥനയും ശ്രേഷ്ഠ ബാവ അറിയിച്ചു.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ
04/03/2026

