കോട്ടയം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനത്തിലെ മുതിർന്ന വൈദികൻ ഫാ. തോമസ് പുളിക്കപറമ്പിൽ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. സ്ഥാനാരോഹണ ശുശ്രൂഷകൾ ചെങ്ങളം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു.
കോട്ടയം ഭദ്രാസനാധിപനും, പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.
ഫാ. തോമസ് പുളിക്കപറമ്പിൽ നിലവിൽ പാണംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി വികാരിയായും വാഴൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സഹവികാരിയായും സേവനമനുഷ്ഠിച്ചു വരുന്നു. ചെങ്ങളം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ ഇദ്ദേഹം മലേക്കുരിശ് ദയറയിൽ നിന്നാണ് വൈദിക പഠനം പൂർത്തിയാക്കിയത്. പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയിൽ നിന്നും 1986 ജൂലൈ 6-നാണ് വൈദിക പട്ടം സ്വീകരിച്ചത്. 1984 മുതൽ 1987 വരെ പെരുമ്പള്ളി തിരുമേനിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
