പുത്തൻകുരിശ് ● ലോകസമാധാനത്തിന് ഭീഷണിയുയർത്തുന്ന പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളിൽ അഗാധമായ ആശങ്ക രേഖപ്പെടുത്തി യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ശ്രേഷ്ഠ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും അത് മാനവികതയ്ക്ക് തീരാനഷ്ടങ്ങൾ മാത്രമാണ് സമ്മാനിക്കുന്നതെന്നും ബാവ ഓർമ്മിപ്പിച്ചു.
പശ്ചിമേഷ്യൻ മണ്ണിൽ ഉയരുന്ന യുദ്ധത്തിന്റെ കാർമേഘങ്ങൾ ലോകജനതയെ ഒന്നടങ്കം ഭീതിയിലാഴ്ത്തുകയാണ്. യുദ്ധങ്ങളിൽ ബലികൊടുക്കപ്പെടുന്നത് നിഷ്കളങ്കരായ മനുഷ്യജീവിതങ്ങളാണ്. “യുദ്ധം എന്ന വാക്ക് തന്നെ മനുഷ്യരാശിക്ക് വലിയൊരു ശാപമാണ്. ആയുധങ്ങൾ കൊണ്ട് നേടുന്ന വിജയങ്ങൾ താത്കാലികമാണ്, എന്നാൽ സമാധാനം കൊണ്ട് നേടുന്ന വിജയം ശാശ്വതമാണെന്ന്” ബാവായുടെ പ്രസ്താവനയിൽ പറയുന്നു. വിദ്വേഷത്തിന്റെ പാതയിൽ നിന്ന് മാറി സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും വഴി സ്വീകരിക്കാൻ ലോകശക്തികൾ തയ്യാറാകണമെന്നും ബാവ ആവശ്യപ്പെട്ടു.
ഗൾഫ് രാജ്യങ്ങളിലും പശ്ചിമേഷ്യയുടെ വിവിധ ഭാഗങ്ങളിലും കഴിയുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെയും വിശ്വാസി സമൂഹത്തിന്റെയും സുരക്ഷയിൽ സഭയ്ക്ക് വലിയ ഉത്കണ്ഠയുണ്ട്. ഇവിടങ്ങളിൽ ജോലി ചെയ്യുന്നവരും അവരുടെ കുടുംബങ്ങളും സഭാംഗങ്ങളും വലിയ മാനസിക പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ അവരെയെല്ലാം പ്രത്യേകമായി ഓർത്ത് പ്രാർത്ഥിക്കുവാൻ ബാവ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
മനുഷ്യൻ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും വലിയ പുരോഗതി കൈവരിക്കുമ്പോഴും, ആ നേട്ടങ്ങൾ മാനവരാശിയുടെ അനുഗ്രഹത്തിന് പകരം വിനാശത്തിനായി ഉപയോഗിക്കുന്നത് ഖേദകരമാണെന്ന് ബാവ പറഞ്ഞു. ”യുദ്ധത്തിൽ ആരും വിജയിക്കുന്നില്ല, വിനാശത്തിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. രാഷ്ട്രത്തലവന്മാർക്ക് വിവേകവും നീതിബോധവും സമാധാനത്തിനുള്ള സന്മനസ്സും ഉണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം.”
ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം ഉടൻ അവസാനിക്കാനും സമാധാനത്തിന്റെ പാത തുറക്കപ്പെടാനും സഭയൊന്നാകെ പ്രാർത്ഥനാപൂർവ്വം അണിചേരണമെന്ന് ശ്രേഷ്ഠ ബാവ ആഹ്വാനം ചെയ്തു. വരും ദിവസങ്ങളിൽ സഭയുടെ എല്ലാ പള്ളികളിലും ലോക സമാധാനത്തിനായി പ്രത്യേക പ്രാർത്ഥനകൾ നടത്തണമെന്നും ബാവ സന്ദേശത്തിൽ വ്യക്തമാക്കി.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ
02/03/2026

