ന്യൂഡൽഹി ● ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന സന്ദർശനത്തിൽ സഭാതർക്കം ഉൾപ്പെടെയുള്ള നിർണ്ണായക വിഷയങ്ങൾ ചർച്ചയായി.
ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ, ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത, ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ. രാജീവ് ചന്ദ്രശേഖർ, ട്വൻ്റി-20 ചീഫ് കോർഡിനേറ്റർ ശ്രീ. സാബു എം. ജേക്കബ് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വർഷങ്ങളായി നിലനിൽക്കുന്ന സഭാതർക്കം കോടതിക്ക് പുറത്ത് സമവായ മാർഗ്ഗത്തിലൂടെ പരിഹരിക്കാനാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിനാവശ്യമായ എല്ലാവിധ പിന്തുണയും ഇടപെടലുകളും കേന്ദ്രത്തിൻ്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് അദ്ദേഹം പാത്രിയർക്കീസ് ബാവായ്ക്ക് ഉറപ്പുനൽകി.
ആഗോളതലത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന സമാധാന ശ്രമങ്ങളെയും പ്രവർത്തനങ്ങളെയും അദ്ദേഹത്തിൻ്റെ വ്യക്തിപ്രഭാവത്തെയും പരിശുദ്ധ പാത്രിയർക്കീസ് ബാവ അഭിനന്ദിച്ചു.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ
27/02/2026




