മുളന്തുരുത്തി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശ്വാസപൈതൃകവും പാരമ്പര്യവും സംരക്ഷിക്കാനായി മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ ഇടവകയിലെ വിശ്വാസികൾ ആരംഭിച്ച നിൽപ്പ് സഹനസമരം 2000 ദിനങ്ങൾ പിന്നിടുന്നു. 2020 ആഗസ്റ്റ് 17-ന് ഇടവകയിലെ മഹാഭൂരിപക്ഷ വിശ്വാസികളെയും പുറത്താക്കി ദൈവാലയം ഏറ്റെടുക്കുകയും മെത്രാൻ കക്ഷി വിഭാഗത്തിന് കൈമാറുകയും ചെയ്ത നീതിനിഷേധത്തിനെതിരെ “യാക്കോബായ സുറിയാനി സഭയ്ക്ക് നീതി നൽകുക” എന്ന മുദ്രാവാക്യമുയർത്തി ആരംഭിച്ച സമരം 2026 ഫെബ്രുവരി 26-ന് 2000 ദിവസം പൂർത്തിയാക്കും.
ആറാം വർഷത്തിലേക്ക് കടക്കുന്ന ഈ പ്രതിഷേധ സമരം തളരാത്ത പോരാട്ടവീര്യത്തോടെയാണ് മുന്നേറുന്നത്. ഇടവകയെ പ്രതിനിധീകരിച്ച് വിശ്വാസികൾ ദിവസേന 5:45 മുതൽ 6:30 വരെ പള്ളിക്ക് മുൻപിൽ നിൽപ്പ് സമരം നടത്തിവരുന്നു. “മരിക്കേണ്ടി വന്നാലും സത്യവിശ്വാസം കാത്തുസൂക്ഷിക്കും” എന്ന ഉറച്ച പ്രതിജ്ഞയോടെയാണ് ഇവർ സമരഭൂമിയിൽ നിലകൊള്ളുന്നത്.
65 വയസ്സിന് മുകളിലുള്ള വിശ്വാസികൾ പോലും മഴയും കാറ്റും ഉള്പ്പെടെയുള്ള പ്രതികൂല കാലാവസ്ഥയെ മറികടന്ന് നിരന്തരമായി സമരത്തിൽ പങ്കാളികളാകുന്നത് ശ്രദ്ധേയമാണ്. പരിഭവമോ നിരാശയോ ഇല്ലാതെ
നീതി നിഷേധത്തിനെതിരെയും, പുറത്താക്കപ്പെട്ട വിശ്വാസികൾക്ക് ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും, സത്യവിശ്വാസ സംരക്ഷണത്തിനും വേണ്ടിയുള്ള ഈ പോരാട്ടം ഒട്ടും തളർച്ചയില്ലാതെ തുടരുന്നു.
2000 ദിനങ്ങൾ പൂർത്തിയാകുന്ന ഫെബ്രുവരി 26 വ്യാഴാഴ്ച, സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം പള്ളിയ്ക്ക് മുൻപിലെ കൽക്കുരിശുങ്കൽ പ്രത്യേക പ്രാർത്ഥനയും മെഴുകുതിരി തെളിയിച്ചുള്ള ഐക്യദാർഢ്യ സംഗമവും സംഘടിപ്പിക്കും. തുടർന്ന് വൈദികരുടെ അഭിസംബോധന പ്രസംഗങ്ങളും നടക്കും. കേരള സർക്കാർ നിയോഗിച്ച കെ.ടി. തോമസ് അധ്യക്ഷനായ കമ്മീഷന്റെ റിപ്പോർട്ട് എത്രയും വേഗം നടപ്പാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സമരനേതൃത്വം ആവശ്യപ്പെടും.