- ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ
ശ്ലീഹായ്ക്കടുത്തതും കുറ്റമില്ലാത്തതുമായ ഏക വിശ്വാസത്തെ പാലിച്ച് നമ്മെ ഭരമേല്പിച്ച പുണ്യശ്ലോകനായ പെരുമ്പിള്ളി തിരുമേനിയുടെ (പറപ്പള്ളിൽ ഡോ. ഗിവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനി) വേർപാടിന്റെ ഇരുപത്തിയേഴാം ദുഃഖ്റോനോ നാം കൊണ്ടാടുന്ന ഈ അവസരത്തിൽ, ആ മഹത്വപൂർണ്ണമായ ജീവിതത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ പ്രഭാത പ്രാർത്ഥനയിൽ നാം ഏറ്റുചൊല്ലുന്ന ‘ഏലിയാപോൽ വൈരാഗി, യൂഹാനോനിവ സന്യാസി, നിന്നെ വരിച്ചൊരു സഭധന്യ’ എന്ന ആരാധനാ ഗീത വരികളാണ് സ്മരണയിൽ വരുന്നത്.
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ 1971 മുതലുള്ള പ്രതിസന്ധി കാലഘട്ടത്തിൽ, അന്ത്യോഖ്യായിലെ പരിശുദ്ധ പത്രോസിന്റെ ശ്ലൈഹീക സിംഹാസനവുമായുള്ള മലങ്കര സഭയുടെ കറ തീർന്ന ബന്ധം വിച്ഛേദിക്കപ്പെടുമെന്ന സ്ഥിതിവിശേഷം സംജാതമായപ്പോൾ, അനേക യാതനകളും കഷ്ടതകളും സഹിച്ച് സത്യവിശ്വാസം സംരക്ഷിച്ച് പുണ്യശ്ലോകനായ പെരുമ്പിള്ളി തിരുമേനി യാക്കോബായ സുറിയാനി സഭയെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു പരിപാലിച്ചു. തൻ്റെ അന്യാദൃശമായ ആരാധനാരീതികളിലൂടെയും, പ്രൗഢഗംഭീരമായ പ്രഭാഷണങ്ങളിലൂടെയും വിശ്വാസമനസ്സുകളിൽ അദ്ദേഹം ചിരപ്രതിഷ്ഠ നേടി.
സജീവമായ ഓർമ്മകൾ, കാലത്തിൻ്റെ മണിച്ചെപ്പ് തുറന്ന് എന്നെ പിറകോട്ടു നയിക്കുമ്പോൾ, ബാല്യത്തിൽ തന്നെ പരിശുദ്ധ മദ്ബഹാ ശുശ്രൂഷയിലേയ്ക്കും, പൗരോഹിത്യത്തിൻ്റെ ആദ്യ രണ്ടു പടികളായ കോറൂയോ, യൗഫദ്യഖ്നോ സ്ഥാനങ്ങളിലേക്കും പരിശുദ്ധാത്മ നിയോഗത്താൽ എന്നെ വിളിച്ചുചേർത്തത് അഭിവന്ദ്യ പെരുമ്പിള്ളി തിരുമേനിയായിരുന്നു. മുളന്തുരുത്തി ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ സ്കൂൾ വിട്ട് റോഡരികിലൂടെ നടന്നുനീങ്ങുകയായിരുന്ന പതിമൂന്നുകാരനായ ഞാൻ, 1974 മാർച്ച് 18 ന് പെരുമ്പിള്ളിയിലേക്കു യാത്ര ചെയ്യുകയായിരുന്ന അഭിവന്ദ്യ തിരുമേനിയുടെ ദൃഷ്ടിയിൽപ്പെടുകയും, ‘പരിശുദ്ധനായ പരുമല തിരുമേനിയുടെ (ചാത്തുരുത്തിൽ ഗീവർഗ്ഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനി, 1848-1902) കാലശേഷം വൈദികർ ഇല്ലാതിരിക്കുന്ന (സ്രാമ്പിക്കൽ) പള്ളത്തിട്ട കുടുംബാംഗവും, പരിശുദ്ധന്റെ നാലാം തലമുറക്കാരനുമായ ജോസുകുട്ടിക്ക് നമുക്ക് പട്ടം കൊടുത്താലോ’ അന്നു ശെമ്മാശനായിരുന്ന തട്ടാംപുറത്ത് ബഹുമാനപ്പെട്ട ജേക്കബ് കുരുവിള അച്ചനോട് (അനിയനച്ചൻ) അദ്ദേഹം ആരായുകയും, തുടർന്ന് വചനിപ്പ് പെരുന്നാൾ (1974 മാർച്ച് 25) മഞ്ഞിനിക്കര ദയറായിൽ വച്ച് കോറൂയോ സ്ഥാനം നല്കുകയുമാണുണ്ടായത്. പിന്നീട് പെരുമ്പിള്ളി മോർ യൂലിയോസ് സെമിനാരിയിലെ പഠനശേഷം യൗഫദ്യഖ്നോ സ്ഥാനത്തേക്ക് എന്നെ വിളിച്ചുചേർത്തതും അഭിവന്ദ്യ തിരുമേനിയാണ്. മലങ്കരയിലുടനീളമുള്ള വിവിധ ദൈവാലയങ്ങളിലേക്കുള്ള തൻ്റെ യാത്രകളിൽ, കൊച്ചു ശെമ്മാശനായിരുന്ന എന്നെയും അതീവ വാത്സല്യത്തോടും കരുതലോടും കൂടെക്കൂട്ടിയിരുന്നത് ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മയായി ഇന്നും നിലനിൽക്കുന്നു. പെരുമ്പിള്ളി തിരുമേനി പൗരോഹിത്യ ശ്രേണിയുടെ വിവിധ പടവുകളിലേക്കുയർത്തിയവരിൽ ഒൻപതു പേർ പിന്നീട് മഹാ പുരോഹിതന്മാ രായിത്തീർന്നു എന്നത് അദ്ദേഹത്തിൽ നിറഞ്ഞു പരിലസിച്ചിരുന്ന പരിശുദ്ധാത്മ നിറവിൻ്റെ നിദാനമായി കരുതാവുന്നതാണ്.
വിശ്വാസധീരൻ, ക്രാന്തദർശി, ബഹുമുഖ പ്രതിഭ എന്നീ ത്രയങ്ങളിൽ സ്വരൂപിക്കാവുന്ന, ‘കളങ്കമില്ലാത്ത സാക്ഷാൽ യിസ്രായേല്യനായിരുന്നു’ പെരുമ്പിള്ളി തിരുമേനി. “സത്യവിശ്വാസം ചോദ്യം ചെയ്യപ്പെടും, അന്ന് നിന്നെ സഭയ്ക്ക് ആവശ്യമായി വരും, അർഹതയുള്ള കൈകൾ നിന്നെ അഭിഷേകം ചെയ്യും” എന്നു ബാലനായ ഗീവറുഗീസിനെക്കുറിച്ച് (പിന്നീട് പെരുമ്പള്ളി തിരുമേനി) പ്രവചിച്ച പുണ്യശ്ലോകനായ മിഖായേൽ മോർ ദീവന്നാസിയോസ് തിരുമേനിയുടെ വാക്കുകൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ അക്ഷരാർത്ഥത്തിൽ നിറവേറ്റപ്പെടുകയായിരുന്നു. പരിശുദ്ധ പത്രോസാകുന്ന പാറമേൽ പണിയപ്പെട്ട. പാതാള വാതിലുകൾ പ്രബലപ്പെടാത്ത, സത്യവിശ്വാസത്തിൻ്റെ മകുടോദാഹരണമായിരുന്നു പെരുമ്പിള്ളി തിരുമേനി. പരിശുദ്ധ സഭാപിതാക്കന്മാരിൽ നിന്നും ആർജിച്ചെടുത്ത ശ്ലൈഹീക പാരമ്പര്യം ആജീവനാന്തം പിന്തുടർന്ന പുണ്യാത്മാവായിരുന്ന അഭിവന്ദ്യ തിരുമേനിയിൽ, വേദ വിപരീതികളെയും ദുസ്താർക്കികരെയും ലജ്ജിപ്പിച്ചു തലകുനിക്കുവാൻ തക്ക ദൃഢമായ സത്യവിശ്വാസവും, തളരാത്ത നാവും, പതറാത്ത മനസ്സും, അടങ്ങാത്ത തന്റേടവും എക്കാലവും കുടികൊണ്ടിരുന്നു. “ചിലർ രഥങ്ങളിലും, കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ കർത്താവിൻ്റെ നാമത്തിൽ പ്രബലപ്പെടും” എന്നുള്ളതായിരുന്നു പ്രാർത്ഥനനോമ്പുപവാസങ്ങളിൽ ഉത്തമ മാതൃകയായിരുന്ന അദ്ദേഹത്തിന്റെ ജീവിതപന്ഥാവുകളിലെ ആപ്തവാക്യം. പരിശുദ്ധ സഭയുടെ യശസ്സും ശിരസ്സും അതിൻ്റെ വിപരീതികൾ ലജ്ജിക്കത്തക്കവണ്ണം ഉയർത്തുവാൻ, ആദരവോടും ഭയഭക്തിയോടുംകൂടി ദിവ്യശുശ്രൂഷകൾ നിർവഹിച്ച് സത്യവിശ്വാസം സംരക്ഷിച്ച്, സഭയെ സത്യമാർഗ്ഗത്തിൽ നയിച്ച അനുഗ്രഹവരങ്ങളുടെ കലവറയായിരുന്നു വിശ്വാസധീരനായ പെരുമ്പിള്ളി തിരുമേനി.
പരിശുദ്ധ സഭയുടെ പ്രതിസന്ധി നിറഞ്ഞ നാളുകളിൽ, അതിന്റെ നട്ടെല്ലായ വൈദീക സെമിനാരി നഷ്ടപ്പെട്ടുപോയ സാഹചര്യത്തിൽ, അഭിവന്ദ്യ തിരുമേനിയുടെ മഹനീയ നേതൃത്വത്തിൽ പെരുമ്പിള്ളി സിംഹാസന പള്ളിയോടു ചേർന്ന് മോർ യൂലിയോസ് സെമിനാരി 1974 മുതൽ 1977 വരെ വളരെ ചിട്ടയായും ഭംഗിയായും പ്രവർത്തിച്ചുപോന്നു. അഭിവന്ദ്യ തിരുമേനിയുടെ പ്രത്യേക താല്പര്യപ്രകാരം സെമിനാരി നടത്തിപ്പിൻ്റെ മുഴുവൻ ചിലവുകളും പെരുമ്പിള്ളി പള്ളിക്കാര്യത്തിൽ നിന്നും നിർവ്വഹിച്ചിരുന്ന ആ കാലയളവിൽ, മലങ്കരയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നും അനേകം ശെമ്മാശ്ശൻമാർ സെമിനാരി വിദ്യാഭ്യാസം പൂർത്തീകരിച്ചു. പിന്നീട് 1986-ൽ വെട്ടിക്കൽ പ്രദേശത്ത് വൈദീക സെമിനാരി (ഉദയഗിരി) ആരംഭിച്ചപ്പോൾ, അതിന്റെ പ്രസിഡന്റ് എന്ന നിലയിൽ പെരുമ്പിള്ളി തിരുമേനി അനേകം ഇടവകകൾ സന്ദർശിച്ച് സെമിനാരി നിർമ്മാണത്തിനായി ഫണ്ട് സ്വരൂപണം നടത്തുകയും, സെമിനാരിയുടെ സർവ്വതോന്മുഖ വളർച്ചയ്ക്കായി ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവയുടെ വലങ്കൈയായി അഹോരാത്രം യത്നിക്കുകയും ചെയ്തു. കൂടാതെ, സഭാപരമായ വിവിധ ആവശ്യങ്ങൾ നിറവേറ്റുവാൻ ശ്രേഷ്ഠ പൗലോസ് ദ്വിതീയൻ ബാവ സാമ്പത്തിക ഞെരുക്കം അനുഭവിച്ചിരുന്ന നാളുകളിൽ, അവ പരിഹരിക്കുവാൻ അഭിവന്ദ്യ തിരുമേനി നിർലോഭം സഹായഹസ്തങ്ങൾ നീട്ടിയിരുന്നു. മലങ്കരയുടെ വിവിധ ഭാഗങ്ങളിൽ ഏകദേശം 40ൽ അധികം ദൈവാലയങ്ങൾ സ്ഥാപിക്കുവാൻ അഭിവന്ദ്യ തിരുമേനി നേതൃത്വം നൽകി. അഭിവന്ദ്യ തിരുമേനി മുൻകൈയെടുത്തു സ്ഥാപിച്ച സെന്റ് മേരീസ് സൂനോറോ സിംഹാസന കത്തീഡ്രൽ, എളംകുളം (എറണാകുളം), സെന്റ് ജോസഫ്സ് കത്തീഡ്രൽ (കോട്ടയം) എന്നിവ അഭിവന്ദ്യ തിരുമേനിയുടെ ക്രാന്തദർശിത്വത്തിന്റെ മകുടോദാഹരണങ്ങളാണ്. അതിനുപരിയായി, ജീവിത നാൾവഴികളിൽ താനനുഭവിച്ച കഷ്ടപ്പാടുകളും, വേദനകളും, തിരസ്കരണങ്ങളും അനാഥ മന്ദിരത്തിനു രൂപം നൽകാനും, ആശുപത്രികളും, വിദ്യാലയങ്ങളും സ്ഥാപിക്കാനും അദ്ദേഹത്തിന് പ്രചോദനമായി.
ഒരു ബഹുമുഖപ്രതിഭയായിരുന്ന അഭിവന്ദ്യ തിരുമേനിയുടെ ഏറ്റവും വലിയ ആകർഷണീയത, അനുപമമായ ശബ്ദസൗകുമാര്യത്തോടെ, മനോഹരവും ഭക്തിസാന്ദ്രവുമായിരുന്ന രീതിയിൽ അദ്ദേഹം അർപ്പിച്ചിരുന്ന ആരാധനകളായിരുന്നു. സുറിയാനി സംഗീതത്തിൻ്റെ തനിമ നഷ്ടപ്പെടാതെ, ഭാരതീയ സംസ്കൃതിയുടെ നല്ല അംശങ്ങളുമായി അതിനെ സമന്വയിപ്പിച്ച്, അത്യപൂർവ്വമായ ഒരു നൂതന ആരാധനാ ശൈലിക്കുതന്നെ പെരുമ്പിള്ളി തിരുമേനി രൂപം നൽകി. അതോടൊപ്പം, ഒരുത്തമ മാതൃഭക്തനായിരുന്ന അഭിവന്ദ്യ തിരുമേനി രചന നിർവ്വഹിച്ച്, പരിപൂർണ്ണ സമർപ്പണത്തോടെ നിർവ്വഹിച്ചിരുന്ന പരിശുദ്ധ ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയുടെ ശക്തി, നിസ്സീമമായിരുന്നു. ആരാധനാ ഗീതങ്ങൾ, പ്രത്യേകാൽ പരിശുദ്ധ ദൈവമാതാവിനോടുള്ള മാതൃഭക്തി സ്ഫുരിക്കുന്ന ഗീതങ്ങൾ രചിക്കുന്നതിൽ സായൂജ്യം കണ്ടെത്തിയിരുന്ന അഭിവന്ദ്യ തിരുമേനി
രചിച്ച ഗീതങ്ങൾ, സഭാ വ്യത്യാസം കൂടാതെ വിശ്വാസ സഹസ്രങ്ങൾ അന്നുമിന്നും ഏറ്റുപാടുന്നു എന്നത് അവയിലടങ്ങിയിരിക്കുന്ന ആശയ ഗാംഭീര്യം, വേദശാസ്ത്ര പിൻബലം, ഭക്തി നിറവ് എന്നതിലേക്ക് വിരൽ ചൂണ്ടുന്നു. ഒരുജ്ജ്വല പ്രഭാഷകനായിരുന്ന അഭിവന്ദ്യ തിരുമേനി നിർവ്വഹിച്ചിരുന്ന പ്രസംഗങ്ങൾ അനേകർക്ക് ഉത്തേജനമായി ഭവിക്കുകയും, നാനാജാതിമതസ്ഥരുടെ ഹ്യദയങ്ങളിൽ ഇന്നും സജീവമായ ഓർമ്മയായി നിലനിൽക്കുകയും ചെയ്യുന്നു.
ബാഹ്യപ്രകടനത്തേക്കാളുപരി, ആന്തരീക സ്വഭാവ വിശുദ്ധിയിൽ ആയിരുന്നു പെരുമ്പിള്ളി തിരുമേനി ശ്രദ്ധപതിപ്പിച്ചിരുന്നത്. ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായോടും മുതിർന്ന വൈദീകരോടും അഭിവന്ദ്യ തിരുമേനി പ്രദർശിപ്പിച്ചിരുന്ന വിനയവും ആദരവും മാതൃകാപരമായിരുന്നു. സ്വകാര്യ ജീവിതത്തിൽ വലിയ ആഘോഷങ്ങളോ പരസ്യങ്ങളോ ഇഷ്ടപ്പെടാതിരുന്ന അഭിവന്ദ്യ തിരുമേനി, ലളിതജീവിതത്തിന്റെ ഉത്തമ മാതൃകയായിരുന്നു. കൂടാതെ, പ്രതിപക്ഷ ബഹുമാനം, പുനർവിചാരം എന്നീ സ്വഭാവമഹിമകളും അദ്ദേഹത്തിൽ കൂടിക്കൊണ്ടിരുന്നു. വളർ ത്തേണ്ടവയെ വളർത്തിയും, തളർത്തേണ്ടവയെ തിരുത്തിയും അദ്ദേഹം തന്റെ ശിഷ്യഗണങ്ങളെ ഉത്തമരായി പരിപാലിച്ചു.
പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ തൃക്കരങ്ങളാൽ 1974 ഫെബ്രുവരി 24 ന് മഹാ പൗരോഹിത്യ സ്ഥാനത്തേയ്ക്ക് ഒരുമിച്ചുയർത്തപ്പെട്ട്, സ്തുതി ചൊവ്വാക്കപ്പെട്ട സത്യവിശ്വാസത്തെ പാലിച്ച്, നയിച്ച് നമ്മെ ഭരമേല്പിച്ച പുണ്യശ്ലോകനായ പറപ്പള്ളിൽ ഡോ. ഗീവർഗീസ് മോർ ഗ്രീഗോറിയോ സ് (പെരുമ്പിള്ളി) തിരുമേനിയേയും ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായേയും മലങ്കര സഭാ മക്കൾക്ക് ഒരിക്കലും വിസ്മരിക്കുവാൻ ആകില്ല. മോശയും അഹറോനും പോലെ, വിശ്വാസ പൈതൃകത്തിന്റെ ശക്തരായ വക്താക്കളായ ഇരുവരും, വിശ്വാസികളുടെ ദീപ്തസ്മരണയിൽ സജീവമായി എന്നും നിലകൊള്ളും.
സഭയെ സത്യമാർഗത്തിൽ നയിച്ച് പെരുമ്പിള്ളി സിംഹാസന പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന നല്ല ഇടയനും, അവിസ്മരണീയനായ മഹാആചാര്യനും, മലങ്കരയുടെ മക്കൾക്കായി ജീവിതം സമർപ്പിച്ച പിതാക്കന്മാരുടെ പരമ്പരയിലെ ഒളിമങ്ങാത്ത മാണിക്യക്കല്ലുമായ പറപ്പള്ളിൽ ഡോ. ഗീവർഗീസ് മോർ ഗ്രീഗോറിയോസ് (പെരു മ്പിള്ളി) തിരുമേനിയുടെ മദ്ധ്യസ്ഥതയിൽ നമുക്ക് അഭയപ്പെടാം. ആ പ്രാർത്ഥനകൾ നമുക്ക് കാവലും കോട്ടയുമായിരിക്കട്ടെ. ആമ്മീൻ.
