തൃക്കോതമംഗലം ● മനുഷ്യന്റെ ജീവിതത്തിലെ സന്തോഷസന്ദർഭങ്ങളിൽ ക്രിസ്തുവിനെ ക്ഷണിക്കുന്നതിൽ നാം എത്രമാത്രം ജാഗ്രത പുലർത്തുന്നുവെന്നത് ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ട ചോദ്യമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ആധുനിക ആഘോഷങ്ങളിൽ ഇവന്റ് മാനേജ്മെന്റ് സംസ്കാരം വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ, അവിടെയൊക്കെ ദൈവസാന്നിധ്യം ഉറപ്പാക്കാൻ നമുക്ക് കഴിയുന്നുണ്ടോ എന്നത് ഗൗരവമായി ചിന്തിക്കേണ്ടതാണെന്നും ബാവ വ്യക്തമാക്കി. തൃക്കോതമംഗലം സെൻ്റ് മേരീസ് ബേത്ലഹേം പാത്രിയാർക്കൽ സിംഹാസന പള്ളിയിലെ ഓർമ്മപ്പെരുന്നാളിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
കാനാവിലെ കല്യാണവിരുന്നിന്റെ സന്ദേശം വിശദീകരിച്ച ബാവ, മനുഷ്യന്റെ കുറവും ഇല്ലായ്മയും ദൈവസന്നിധിയിൽ സമർപ്പിക്കുന്ന മാതൃഹൃദയമായാണ് സഭയെ കാണേണ്ടതെന്ന് ആഹ്വാനം ചെയ്തു. കുടുംബങ്ങളെയും സമൂഹത്തെയും ദൈവത്തോട് ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് സഭ. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിലൂടെ ആ ബന്ധം സാക്ഷാത്കരിക്കപ്പെടുന്നു. “നിന്റെ പ്രശ്നം യേശുവിനോട് പറയൂ” എന്നതാണ് സഭ നൽകുന്ന നിത്യമായ സന്ദേശം.
“എന്റെ സമയം എത്തിയിട്ടില്ല” എന്ന ക്രിസ്തുവിന്റെ വചനം ഒരു നിരാകരണമല്ല, മറിച്ച് ദൈവത്തിന്റെ സമയത്തിനായി ക്ഷമയോടെ കാത്തിരിക്കാനുള്ള ഓർമ്മപ്പെടുത്തലാണ്. ക്രിസ്തുവിലുള്ള അനുസരണവും വിശ്വാസവുമാണ് അത്ഭുതങ്ങളിലേക്കുള്ള വഴി എന്നും കാനാവിലെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.
നോമ്പുകാലം ബാഹ്യാചാരങ്ങളിലേക്കു ചുരുങ്ങരുതെന്ന് ബാവ ഓർമ്മിപ്പിച്ചു. ഭക്ഷണനിയന്ത്രണത്തിൽ മാത്രം ഒതുങ്ങാതെ നാവിന്റെ നോമ്പും കണ്ണുകളുടെ നോമ്പും ചിന്തകളുടെ നോമ്പും അനുഷ്ഠിക്കപ്പെടണം. യഥാർത്ഥ ഉപവാസം ശരീരത്തിനല്ല, ആത്മാവിനാണ് ആവശ്യം. ഹൃദയത്തിൽ പരിവർത്തനം സംഭവിക്കുമ്പോഴേ നോമ്പ് ഫലപ്രദമാകൂ.
നോമ്പ് ആത്മാവിന്റെ മരുഭൂമിയാത്രയാണെന്ന് വിശേഷിപ്പിച്ച ബാവ, ബന്ധങ്ങൾ തകരുന്ന ഇന്നത്തെ കാലഘട്ടത്തിൽ ദൈവത്തെ മാത്രം ആശ്രയിക്കുന്ന ആത്മീയധൈര്യം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിൽ വ്യാപിക്കുന്ന വ്യാജവാർത്തകളും വിദ്വേഷപ്രചരണങ്ങളും വിശ്വാസികളെ വഴിതെറ്റിക്കരുതെന്നും, എ.ഐ.യുടെ കാലത്ത് സത്യവും അസത്യവും തിരിച്ചറിയാനുള്ള ആത്മീയ വിവേകം വളർത്തണമെന്നും ബാവ മുന്നറിയിപ്പ് നൽകി. വിവേചനമില്ലാതെ വാർത്തകൾ പ്രചരിപ്പിക്കുന്നത് വലിയ ദുരന്തങ്ങളിലേക്കും കുടുംബബന്ധങ്ങളുടെ തകർച്ചയിലേക്കും നയിക്കും.
“വലിയ നോമ്പ് ക്രൂശിൽ അവസാനിക്കുന്നതല്ല; പുനരുത്ഥാനത്തിലാണ് അതിന്റെ പര്യവസാനം” എന്ന സന്ദേശത്തോടെ ബാവ വിശ്വാസികളെ പ്രത്യാശയോടെ മുന്നേറാൻ ആഹ്വാനം ചെയ്തു. കണ്ണുനീരോടും വിനയത്തോടും കൂടിയ പ്രാർത്ഥനയിലൂടെ ജീവിതം പുതുക്കപ്പെടണം. വെള്ളം വീഞ്ഞായതുപോലെ നോമ്പ് നമ്മുടെ ജീവിതത്തെയും ബന്ധങ്ങളെയും വിശ്വാസത്തെയും പുതുക്കുന്ന അനുഭവമായി മാറട്ടെയെന്നും ബാവ ആശംസിച്ചു.
നമ്മുടെ വീടുകളിൽ പരിശുദ്ധ അമ്മയുടെ സാന്നിധ്യം ഉണ്ടാകണമെങ്കിൽ ദൈവഹിതമനുസരിച്ച് ജീവിക്കുന്നവരായി നമ്മൾ മാറണം. കാനാവിലെ അത്ഭുതം വെറുമൊരു സംഭവമല്ല, മറിച്ച് ക്രിസ്തുവിലുള്ള അനുസരണവും വിശ്വാസവുമാണ് അത്ഭുതങ്ങളിലേക്കുള്ള വഴിയെന്ന് അത് നമ്മെ പഠിപ്പിക്കുന്നു. മറ്റുള്ളവരെ മാറ്റാൻ ശ്രമിക്കുന്നതിനേക്കാൾ ഉപരിയായി, സ്വന്തം ജീവിതത്തിൽ പരിവർത്തനം കൊണ്ടുവരാനാണ് നോമ്പുകാലം വിളിക്കുന്നത്. ഉപവസിക്കുമ്പോൾ മുഖം വാടിക്കരുത് എന്ന ക്രിസ്തുവചനം അനുസ്മരിപ്പിച്ചുകൊണ്ട്, യഥാർത്ഥ മാറ്റം ഹൃദയത്തിലാണ് ഉണ്ടാകേണ്ടതെന്ന് ബാവ ഊന്നിപ്പറഞ്ഞു.
സഭയെ ജീവിത വിശുദ്ധിയോടെ നയിച്ച ഭാഗ്യസ്മരണാർഹനായ യാക്കോബ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ ത്യാഗനിർഭരമായ ജീവിതം വിശ്വാസികൾക്ക് എന്നും പ്രചോദനമാണെന്നും, തിരുമേനിയെ പോലെ പ്രാർത്ഥനയും ആദർശവും നിറഞ്ഞ ജീവിതത്തിന്റെ ഉടമകളായി മാറണമെന്നും ശ്രേഷ്ഠ ബാവ അനുസ്മരിച്ചു.
തൃക്കോതമംഗലം സെൻ്റ് മേരീസ് ബേത്ലഹേം പാത്രിയാർക്കൽ സിംഹാസന പള്ളിയിൽ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ 94-ാമത് ദുഃഖ്റോനോ പെരുന്നാളും യാക്കോബ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ 40-ാമത് ദുഃഖ്റോനോ പെരുന്നാളും സംയുക്തമായി കൊണ്ടാടി. വി. മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മുഖ്യ കാർമികത്വം വഹിക്കുവാൻ എഴുന്നള്ളിയെത്തിയ ശ്രേഷ്ഠ ബാവായ്ക്ക് പുതുപ്പള്ളി കവലയിൽ നിന്ന് പള്ളിയിലേക്ക് വിശ്വാസികൾ സ്വീകരിച്ച് ആനയിച്ചു. വന്ദ്യ മൂലയിൽ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ, വന്ദ്യ തോമസ് കെ. ഇട്ടി കുന്നയ്യത്താട്ട് കോർ എപ്പിസ്കോപ്പ എന്നിവർ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് സഹകാർമികരായി.
തുടർന്ന് യാക്കോബ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ കബറിങ്കൽ ധൂപപ്രാർത്ഥന നടന്നു. സൺഡേ സ്കൂൾ പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ശ്രേഷ്ഠ ബാവ ആദരിച്ചു. അതിനുശേഷം പുതുതായി പണികഴിപ്പിച്ച മോർ തിമോത്തിയോസ് ജന്മശതാബ്ദി സ്മാരക സമുച്ചയത്തിന്റെ കൂദാശ ശ്രേഷ്ഠ ബാവ നിർവഹിച്ചു. പ്രദക്ഷിണം, ശ്രാദ്ധസദ്യ എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിച്ചു. വികാരി ഫാ. ജേക്കബ് നൈനാൻ ഇലപ്പനാൽ നേതൃത്വം നൽകി.
