ബാംഗ്ലൂർ ● കൃഷ്ണരാജപുരം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ മഞ്ഞിനിക്കരയിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 94-ാമത് ഓർമ്മപ്പെരുന്നാൾ ഭക്തിനിർഭരമായ ശുശ്രൂഷകളോടെ സമാപിച്ചു. ഫെബ്രുവരി 13 മുതൽ 15 വരെ നീണ്ടുനിന്ന പെരുന്നാൾ ചടങ്ങുകളിൽ ബാംഗ്ലൂരുവിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
ഫെബ്രുവരി 13 വെള്ളിയാഴ്ച സന്ധ്യാപ്രാർത്ഥനയും സുവിശേഷ പ്രസംഗവും നടന്നു. ഫെബ്രുവരി 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ക്വീൻസ് റോഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ നിന്നും കെ.ആർ പുരം പള്ളിയിലേക്ക് നടന്ന ഭക്തിനിർഭരമായ കാൽനട തീർത്ഥയാത്ര ശ്രദ്ധേയമായി. നൂറുകണക്കിന് വിശ്വാസികൾ പ്രാർത്ഥനാനിർഭരമായി തീർത്ഥയാത്രയിൽ സംബന്ധിച്ചു. തീർത്ഥയാത്ര സ്വീകരണത്തിനും സന്ധ്യാപ്രാർത്ഥനയ്ക്കും അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. തുടർന്ന് പ്രദക്ഷിണം, ആശിർവാദം, സ്നേഹവിരുന്ന് എന്നിവ നടന്നു.
പെരുന്നാളിന്റെ പ്രധാന ദിനമായ ഫെബ്രുവരി 15 ഞായറാഴ്ച രാവിലെ 8.30-ന് നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് പരിശുദ്ധ ബാവായുടെ ജീവിതത്തെക്കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. അനുമോദനം, സൺഡേസ്കൂൾ വിദ്യാർത്ഥികൾക്ക് സമ്മാനവിതരണം, ആദ്യഫല സമർപ്പണം, ആശിർവാദം എന്നിവയ്ക്ക് ശേഷം പെരുന്നാളിന് സമാപനമായി.
വികാരി ഫാ. എം.യു പൗലോസ് പെരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.










