മഞ്ഞിനിക്കര ● തീർത്ഥാടനം എന്നത് കേവലം ഒരു യാത്രയല്ലെന്നും അത് ദൈവത്തെയും ദൈവത്തെ നേടിയ പുണ്യവാന്മാരെയും സ്വന്തം ആത്മാവിനെയും കണ്ടെത്താനുള്ള വിശുദ്ധമായ വഴിയാണെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. മഞ്ഞിനിക്കരയിൽ തീർത്ഥാടക സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബാവ.
തീർത്ഥാടനത്തെ മൂന്ന് പ്രധാന തലങ്ങളിലായാണ് ശ്രേഷ്ഠ ബാവ വിശദീകരിച്ചത്. ആദ്യത്തേത് ദൈവത്തെ തേടിയുള്ള യാത്ര: സാധാരണ ജീവിതത്തിലെ സുഖസൗകര്യങ്ങൾ വെടിഞ്ഞ് കുരിശിന്റെ വഴി തിരഞ്ഞെടുക്കുന്നവർക്ക് ലഭിക്കുന്ന ദൈവാനുഭവമാണ് ഇതിന്റെ സാരാംശം. രണ്ടാമത് ദൈവത്തെ നേടിയവരെ കണ്ടെത്തൽ: ദൈവത്തെ തേടി വിജയിച്ച വിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായെപ്പോലുള്ള പുണ്യവാന്മാരെ പിൻതുടരുകയും അവരുടെ മധ്യസ്ഥത തേടുകയും ചെയ്യുന്ന ആത്മീയ അനുസ്മരണമാണിത്. മൂന്നാമത്തേത് സ്വയം തിരിച്ചറിയൽ: തിരക്കുപിടിച്ച ആധുനിക ജീവിതത്തിൽ വഴിതെറ്റിപ്പോകുന്ന സ്വന്തം ആത്മാവിനെ തിരികെ കണ്ടെത്താനുള്ള ആത്മപരിശോധനയാണ് യഥാർത്ഥ തീർത്ഥാടനം.
ദൈവത്തെ തേടിയും നേടിയുമുള്ള, ദൈവത്തെ നേടിയവരെ തേടിയുമുള്ള ആത്മീയയാത്രയാണ് മഞ്ഞിനിക്കര തീർത്ഥാടനം. പല ദേശങ്ങളിലൂടെ പല സംസ്ഥാനങ്ങൾ താണ്ടി ഒട്ടേറെ തീർഥാടകർ ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്. അവനവനിലുള്ള വിശ്വാസവും, ആത്മബലവും നഷ്ടപ്പെട്ട് ചിന്നിച്ചിതറിപ്പോകുമ്പോൾ അതിനെ തുന്നിക്കെട്ടാനും, മുറുകെപ്പിടിക്കാനുമുള്ള യാത്രയായി ഈ തീർഥാടനത്തെ കാണണം.
വർത്തമാനകാലത്തിന്റെ തിക്കിലും തിരക്കിലും പെട്ട് ഇരുട്ടിനെ സ്നേഹിക്കുന്നവരുള്ള കാലമാണിത്. അവിടെ ആത്മീയമായ ഒരു മാറ്റത്തിനായുള്ള വിളിയാണ് ഈ തീർത്ഥാടനം. ഇത് ജീവിതകാലം മുഴുവൻ തുടരേണ്ട നിരന്തരമായ ആത്മീയ യാത്രയാണെന്ന് ബാവ ഓർമ്മിപ്പിച്ചു.
ക്രിസ്തുവിങ്കലേക്കുള്ള ചൂണ്ടുപലകയായി നമുക്കിടയിൽ നിലകൊള്ളുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായെ ഇവിടെ കണ്ടെത്താൻ നമുക്ക് സാധിച്ചിട്ടുണ്ടെങ്കിൽ, ഈ യാത്ര അതിവിശിഷ്ടവും സമ്പന്നവുമായ അനുഭവമാകുന്നു. പരിശുദ്ധ ബാവായുടെ കബറിങ്കൽ എത്തുമ്പോൾ ഓരോ തീർത്ഥാടകനും അനുഭവിക്കുന്നത് ദൈവത്തെ കണ്ട പരിശുദ്ധന്റെ മധ്യസ്ഥതയിലൂടെയുള്ള കൃപയാണ്. സഹനത്തിന്റെ വഴിയും ക്രൂശിന്റെ പാതയും തിരഞ്ഞെടുക്കാൻ ഓരോ തീർത്ഥാടനവും നമ്മെ പ്രേരിപ്പിക്കുന്നു.
“പരിശുദ്ധന്റെ കബറിങ്കൽ എത്തുമ്പോൾ തീർത്ഥാടനം അവസാനിക്കുന്നില്ല; അവിടെ നിന്നാണ് യഥാർത്ഥ യാത്ര തുടങ്ങുന്നത്. യേശുവിനെ നോക്കി, ക്രൂശിനെ നോക്കി ദൈവത്തെ കൂടുതൽ അന്വേഷിക്കുന്ന യാത്ര തുടരണം,” ബാവ ഓർമ്മിപ്പിച്ചു. ചുറ്റുപാടുമുള്ള മലിനതയിലും വിഷലിപ്തമായ സാഹചര്യങ്ങളിലുമൊഴുകിപ്പോകാതെ ദൈവത്തെ തേടിയുള്ള യാത്ര തുടരണം.
സഭയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കവേ, ശാശ്വതമായ സമാധാനമാണ് തന്റെയും വിശ്വാസികളുടെയും ആഗ്രഹമെന്ന് ബാവ വ്യക്തമാക്കി. “സഭയുടെ ന്യായമായ അവകാശങ്ങൾ തിരികെ ലഭിക്കണം, അനർഹമായ ഒന്നും ആവശ്യമില്ല, ആരുടെയും ഒന്നും അപഹരിക്കാൻ ആഗ്രഹിക്കുന്നില്ല, ന്യായമായത് ആർക്കും വിട്ടുകൊടുക്കാൻ തയ്യാറാണെന്നും, എന്നാൽ സഭയുടെ ന്യായമായ അവകാശങ്ങൾ തിരികെ ലഭിക്കണമെന്നും” ബാവ പറഞ്ഞു. പരിശുദ്ധ മോറാൻ ആഗ്രഹിച്ച സമാധാനം ദൈവത്തിന്റെ ഇഷ്ടമാണ്. ആ ദൈവേഷ്ടത്തിനായി നാം പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്.
സഭയിൽ ശാശ്വത സമാധാനം സംജാതമാകണം. ഇനി ഒരു ദൈവാലയം പോലും അടഞ്ഞുപോകരുത്. ഒരു മരണം സംഭവിക്കുമ്പോൾ അവിടെ പോലീസും പട്ടാളവും ആവശ്യമാകരുത്. പുരോഹിതന്മാർക്ക് പ്രാർത്ഥിക്കാനും വി. കുർബാന അർപ്പിക്കാനും, മൃതശരീരത്തെ ആദരിക്കാനും സ്വാതന്ത്ര്യം ലഭിക്കണം. പരേതരുടെ ഓർമ്മദിനങ്ങളിൽ വിശുദ്ധ കുർബാന ചൊല്ലാൻ സാധിക്കണം. ആരാധനയ്ക്കുള്ള അവകാശം നിഷേധിക്കുന്നത് കൊണ്ട് ആരും ഒന്നും നേടുന്നില്ലെന്ന് ബാവ ചൂണ്ടിക്കാട്ടി.
സമാധാനത്തോടെ സഹവർത്തിത്വം നിലനിൽക്കണം. സഹോദരങ്ങളെപ്പോലെ പരസ്പരം അംഗീകരിച്ചും, യോജിക്കാനാകാത്ത മേഖലകളിൽ പരസ്പര ആദരം പുലർത്തിയും മുന്നോട്ട് പോകണം. സ്ഥിരപരിഹാരവും ശാശ്വത സമാധാനവുമാണ് വി. മോറാൻ ആഗ്രഹിച്ചത്.
“സമൂഹത്തിന് വേണ്ടി ചിലവഴിക്കാതെ സഭയിലെ സമ്പത്തും ഊർജ്ജവും സമയവും കോടതികൾക്കും കേസുകൾക്കുമായി ചിലവഴിക്കേണ്ടി വരുന്നത് നിർഭാഗ്യകരമാണ്. എല്ലാം കോടതികളിലേക്കും കേസുകളിലേക്കും വഴിമാറുന്നത് നമ്മൾ ആഗ്രഹിക്കുന്നില്ല; നിർബന്ധിതരാകുകയാണ്. എല്ലാവരും വായിക്കുന്നത് ഒരേ വിശുദ്ധ ഗ്രന്ഥമാണ്, അർപ്പിക്കുന്നത് ഒരേ വി. കുർബാനയുമാണ്. അതിനാൽ സുവിശേഷ വാക്കുകൾ ജീവിതത്തിൽ അർത്ഥവത്തായി മാറണം. സഭാ തർക്കങ്ങൾക്കും കോടതികൾക്കും കേസുകൾക്കുമായി എല്ലാം നഷ്ടപ്പെടുത്തുന്ന രീതി മാറണം. എന്റെ സഹോദരങ്ങൾ ഒരു ദിവസം ഇതിനെക്കുറിച്ച് മാറ്റി ചിന്തിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.” – ശ്രേഷ്ഠ ബാവ പ്രത്യാശ പ്രകടിപ്പിച്ചു.
അന്ത്യോഖ്യാ സിംഹാസനത്തിൽ അടിയുറച്ചുനിന്ന്, പിതാക്കന്മാർ കണ്ണുനീരിലൂടെയും പ്രാർത്ഥനയിലൂടെയും കാത്തുസൂക്ഷിച്ച സഭയുടെ പവിത്രതയും പരിശുദ്ധിയും നിലനിർത്തി മുന്നോട്ടുപോകാൻ വിശ്വാസികൾക്ക് സാധിക്കണമെന്നും ബാവ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ മോർ തിമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ദീനാമ്മ റോയി, വന്ദ്യ ജേക്കബ് തോമസ് മാടപ്പാട്ട് കോറെപ്പിസ്കോപ്പ, അഭിവന്ദ്യ മെത്രാപ്പോലീത്താന്മാരായ ദയറ തലവൻ മോർ അത്തനാസിയോസ് ഗീവർഗീസ്, മോർ ഈവാനിയോസ് മാത്യൂസ്, മോർ മിലിത്തിയോസ് യൂഹാനോൻ, മോർ തേവോദോസിയോസ് മാത്യൂസ്, ഡോ. മോർ കൂറിലോസ് ഗീവർഗീസ്, മോർ ഗ്രീഗോറിയോസ് കുര്യാക്കോസ്, മോർ ഐറേനിയോസ് പൗലോസ്, മോർ പീലക്സിനോസ് സക്കറിയാസ്, മോർ ഒസ്താത്തിയോസ് ഐസക്, മോർ യൂലിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, സഭാ വൈദിക സെക്രട്ടറി ഫാ. റോയ് ജോർജ് കട്ടച്ചിറ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു തുടങ്ങിയവർ പങ്കെടുത്തു.




