മാരാമൺ ● എക്യുമെനിസം എന്നത് കേവലം ബൗദ്ധികമായ ആശയസംവാദമല്ലെന്നും, അത് ഹൃദയ താഴ്വരകളിലേക്കുള്ള തീർത്ഥാടനമാണെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ വ്യക്തമാക്കി. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 131-ാമത് മാരാമൺ കൺവെൻഷന്റെ എക്യുമെനിക്കൽ സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു ശ്രേഷ്ഠ ബാവ.
“ഹൃദയങ്ങളുടെ ഐക്യമാണ് എക്യുമെനിസത്തിന്റെ ആത്മാവ്. സ്നേഹത്തിന്റെ സംവാദമാകണം ഓരോ എക്യുമെനിക്കൽ സമ്മേളനത്തിന്റെയും ജീവൻ,” എന്ന് ബാവ പറഞ്ഞു. എക്യുമെനിസം കേവലം പരിസ്ഥിതി സൗഹൃദപരമായ ചർച്ചകളിലോ ദൈവശാസ്ത്രപരമായ തർക്കങ്ങളിലോ വിദ്വേഷത്തിലോ ഒതുങ്ങരുത്. എക്കാലവും ക്രിസ്തു കേന്ദ്രീകൃതമായിരിക്കണം. ദൈവശാസ്ത്രപരമായ ചർച്ചകളും തിയോളജിക്കൽ സംവാദങ്ങളും അനിവാര്യങ്ങളാണെങ്കിലും, അവ സ്നേഹത്തിന്റെ ഭാഷയില്ലെങ്കിൽ നിരർത്ഥകമാകുമെന്നും ബാവ മുന്നറിയിപ്പ് നൽകി. വിദ്വേഷവും മതിലുകളും എക്യുമെനിസത്തിന്റെ വഴി അല്ല; ക്രിസ്തു കേന്ദ്രീകൃതമായ സഹവാസമാണ് അതിന്റെ ലക്ഷ്യമെന്നും ബാവ ചൂണ്ടിക്കാട്ടി.
സഭകളുടെ ഐക്യം എന്നത് കേവലമൊരു ഘടനാപരമായ ആവശ്യകതയല്ല, മറിച്ച് ദൈവശാസ്ത്രപരമായ അനിവാര്യതയാണ്. എല്ലാ സഭകൾക്കും അവരുടേതായ ചരിത്രവും തനിമയും പാരമ്പര്യങ്ങളുമുണ്ട്. ഇവ കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ ഐക്യത്തോടെ മുന്നേറാൻ നമുക്ക് കഴിയണമെന്നും ബാവ കൂട്ടിച്ചേർത്തു. ത്രിത്വത്തിന്റെ ഐക്യവും സാരാംശത്തിലെ ഏകത്വവുമാണ് സഭയുടെ എക്യുമെനിസത്തിന്റെ ആധാരം എന്നും ബാവ ചൂണ്ടിക്കാട്ടി.
അനൈക്യം സുവിശേഷത്തിനു തടസ്സമാണ്. സ്നേഹത്തിന്റെ ആത്മീയതിലൂടെ ജീവിച്ചെങ്കിൽ മാത്രമേ ഐക്യം സാധ്യമാകൂ. ‘എന്റെ സഭയാണു ശരി, എന്റെ സഭ മാത്രമാണു കൂടുതൽ ശരി’ എന്ന ചിന്ത വെടിയേണ്ടിയിരിക്കുന്നു. കാലഘട്ടത്തിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
‘എൻ്റെ സഭയല്ല കർത്താവിന്റെ സഭയാണെന്ന’ ബോധ്യത്തിൽ പരസ്പരം സഹവസിക്കണം. ദൈവരാജ്യ ശുശ്രൂഷയിലും ദൈവരാജ്യത്തിനുള്ള യാത്രയിലും പരസ്പരം താങ്ങാകുവാൻ സഭകൾക്ക് കഴിയുമ്പോൾ എക്യുമെനിസം സാധ്യമായിത്തീരുമെന്നും ബാവ ഓർമ്മിപ്പിച്ചു.
നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികം പിന്നിടുന്ന ഈ ഘട്ടത്തിൽ, സഭൈക്യത്തിന്റെ മാതൃക ത്രിത്വത്തിലെ ഐക്യമാണെന്ന് വീണ്ടും ഓർക്കണമെന്ന് ബാവ പറഞ്ഞു. വിഭജനവും വേർപാടും വേർതിരിക്കലും ഇന്നിന്റെ തുടർക്കഥയാകുമ്പോൾ ദൈവത്തിലുള്ള ഏകത്വമാണ് സഭകൾക്കുള്ള രക്ഷാമാർഗ്ഗം. “എന്റെ സഭ” എന്ന ചിന്തയിൽ നിന്ന് “കർത്താവിന്റെ സഭ” എന്ന ബോധ്യത്തിലേക്കുള്ള വളർച്ചയാണ് അനിവാര്യമെന്ന് ബാവ കൂട്ടിച്ചേർത്തു.
“ദൈവത്തോടൊപ്പം നടക്കുന്ന മനുഷ്യനും മനുഷ്യരോടൊപ്പം നടക്കുന്ന ദൈവവുമാണ് ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതം,” എന്നായിരുന്നു ബാവയുടെ ഓർമ്മപ്പെടുത്തൽ. ലോകപ്രശസ്ത ബഹിരാകാശസഞ്ചാരി പങ്കുവെച്ച ചിന്തകളും ബാവ ഉദ്ധരിച്ചു. “ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയത് ചരിത്രനേട്ടമായിരിക്കട്ടെ; എന്നാൽ അതിനേക്കാൾ മഹത്തായ സംഭവം ദൈവത്തോടൊപ്പം മനുഷ്യൻ നടക്കുന്നതാണ്” എന്ന അദ്ദേഹത്തിൻ്റെ നിരീക്ഷണം ഇന്നും പ്രസക്തമാണെന്ന് ബാവ പറഞ്ഞു.
മനുഷ്യൻ ഭൗതിക നേട്ടങ്ങളുടെ പിന്നാലെ പോകുമ്പോൾ ദൈവത്തിൽ നിന്ന് അകന്നു പോകുന്ന സാഹചര്യം ഉണ്ടാകുന്നു. എന്നാൽ “നീ എവിടെയാണ്?” എന്ന ദൈവത്തിന്റെ വിളി ഇന്നും മനുഷ്യനെ തേടിയെത്തുന്നു. ആ ആത്മീയ തിരിച്ചറിവാണ് ശാസ്ത്രനേട്ടങ്ങളെയെല്ലാം മറികടക്കുന്ന മഹത്വമെന്നും ബാവ വ്യക്തമാക്കി.
സഭകളുടെ തനിമയും പാരമ്പര്യവും സംരക്ഷിച്ചുകൊണ്ടുള്ള ഐക്യമാണ് യഥാർത്ഥ എക്യുമെനിസം. വൈവിധ്യങ്ങളെ ഇല്ലാതാക്കലല്ല ലക്ഷ്യം; മറിച്ച് അവയെ മാനിച്ചുകൊണ്ട് സഹവസിക്കുന്ന ആത്മീയ സംഗമമാണ് എക്യുമെനിക്കൽ യാത്ര.
“നമുക്കിടയിലെ അനൈക്യവും വഴക്കുകളും സുവിശേഷപ്രഘോഷണത്തിന് വലിയ തടസ്സമാണ്. സ്നേഹത്തോടും സാഹോദര്യത്തോടും കൂടിയ സഹവാസം ലോകത്തിനു മുന്നിലുള്ള ഏറ്റവും വലിയ സാക്ഷ്യമാണ്,” ബാവ പറഞ്ഞു. ക്രൈസ്തവർക്കിടയിൽ മത്സരം, വൈരാഗ്യം, വ്യവഹാരം എന്നിവയ്ക്ക് സ്ഥാനം ഇല്ലെന്നും, പ്രത്യേകിച്ച് ഭാരതത്തിന്റെ സാഹചര്യത്തിൽ ക്രൈസ്തവർ ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ടെന്നും ബാവ ഓർമ്മിപ്പിച്ചു.
എക്യുമെനിസം ബുദ്ധിയുടെ തലത്തിൽ നിന്ന് ഹൃദയത്തിന്റെ തലത്തിലേക്ക് ഇറങ്ങിവരണമെന്ന് ബാവാ നിർദ്ദേശിച്ചു. തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്കുള്ള ദൂരം കേവലം 18 ഇഞ്ച് മാത്രമാണ്. എന്നാൽ മനുഷ്യർക്ക് സഞ്ചരിക്കാൻ ഏറ്റവും പ്രയാസമേറിയ യാത്രയും അതാണ്. ബുദ്ധിയുടെ തലത്തിൽ നിൽക്കുന്ന സംവാദങ്ങൾ ഹൃദയത്തിന്റെ താഴ്വരയിലേക്ക് ഇറങ്ങിവന്നാൽ മാത്രമേ യഥാർത്ഥ ഐക്യം സാധ്യമാകൂ.
ദുരന്തസാഹചര്യങ്ങളിൽ മനുഷ്യൻ മതിൽക്കെട്ടുകൾ മറന്ന് ഒന്നിക്കുന്നതുപോലെ, സഭകളും എക്യുമെനിക്കൽ പ്രസ്ഥാനങ്ങളും മതിലുകൾക്കപ്പുറം പ്രവർത്തിക്കണം. സംഘടനകളുടെ ബാനറുകൾക്കപ്പുറം “ഹൃദയത്തിന്റെ എക്യുമെനിസം” വളരണമെന്ന് ബാവ ആഹ്വാനം ചെയ്തു. കൊയ്നോണിയയും ഫെല്ലോഷിപ്പും ശക്തിപ്പെടുത്തി, ക്രിസ്തുവിന്റെ ശരീരം വികലമാകാതെ കാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും ബാവ വ്യക്തമാക്കി. ഭാരതത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ക്രൈസ്തവർക്കിടയിലെ മത്സരം, വൈരാഗ്യം, വ്യവഹാരങ്ങൾ എന്നിവ അവസാനിപ്പിക്കണം. സഭകൾക്കിടയിൽ സമാധാനം ഉണ്ടാകണം. ക്രിസ്തുവിന്റെ ശരീരം വികലമാകാതെ കാക്കേണ്ടത് നമ്മുടെ കടമയാണ്.
എക്യുമെനിക്കൽ പ്രസ്ഥാനങ്ങൾ തിയോളജിക്കൽ വേദികളിൽ മാത്രം ഒതുങ്ങാതെ സാധാരണക്കാരുടെ ജീവിതവുമായി ചേർന്ന് നിൽക്കണമെന്നും ബാവ പറഞ്ഞു. ആരാധനയും വേദവായനയും അധരവ്യായാമമായി ഒതുങ്ങരുത്; പാവപ്പെട്ടവരുടെ വേദനകളിൽ സഭയുടെ ഹൃദയം താളം പിടിക്കണം.
മതനിഷേധവും നിരീശ്വരവാദവും വളരുന്ന കാലഘട്ടത്തിൽ, ക്രിസ്തുവിനെ പ്രഘോഷിക്കാൻ സഭകൾ ഒറ്റക്കെട്ടായി നിൽക്കേണ്ടത് ചരിത്രപരമായ ഉത്തരവാദിത്വമാണ്. “നമ്മുടെ ചില ശരികൾ പോലും ക്രിസ്തുവിന്റെ സ്നേഹത്തിനായി ത്യജിക്കാൻ തയ്യാറാകുമ്പോഴാണ് എക്യുമെനിസം പിറക്കുന്നത്. അവിടെ ജയിക്കുന്നത് സുവിശേഷമാണ്; വിജയിക്കുന്നത് ക്രിസ്തുവാണ്,” എന്ന വാക്കുകളിലൂടെ ബാവ പ്രസംഗം ഉണർത്തിച്ചു.
ദൈവരാജ്യത്തിലേക്കുള്ള തീർത്ഥയാത്രയിൽ പരസ്പരം താങ്ങാകുക എന്നതാണ് എക്യുമെനിസത്തിന്റെ ഹൃദയം. വൈവിധ്യങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ഐക്യത്തോടെ ഒരു മേശയിൽ നിന്ന് കർത്താവിന്റെ ശരീരരക്തങ്ങൾ പങ്കിടുന്ന, “ഒരു ചാലിസിൽ നിന്ന് കുടിക്കുന്ന” ആ പുണ്യനിമിഷത്തിനായി നമുക്ക് പ്രാർത്ഥിക്കാമെന്ന് പറഞ്ഞുകൊണ്ടാണ് ബാവാ തന്റെ പ്രസംഗം ഉപസംഹരിച്ചത്.
വിഭജനങ്ങളുടെ കാലത്ത് ഐക്യത്തിന്റെ സുവിശേഷം ഉയർത്തിപ്പിടിക്കാനുള്ള ആഹ്വാനമായിരുന്നു മാരാമൺ മണപ്പുറത്ത് മുഴങ്ങിയ ശ്രേഷ്ഠ ബാവായുടെ സന്ദേശം. ബുദ്ധിയുടെ തലത്തിൽ നിന്ന് ഹൃദയത്തിന്റെ താഴ്വരയിലേക്ക് ഇറങ്ങിവരുന്ന എക്യുമെനിസത്തിന്റെ തീർത്ഥാടനമായിരുന്നു അത്.
മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് അഭിവന്ദ്യ ഡോ. ഐസക് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മാർത്തോമ്മാ സഭാധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത, കൽദായ സുറിയാനി സഭ ആർച്ച് ബിഷപ്പ് മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത എന്നിവർ പ്രസംഗിച്ചു.


