ഓമല്ലൂർ ● സഭാ തർക്കങ്ങളിൽ നിന്ന് വരും തലമുറയെങ്കിലും രക്ഷിക്കപ്പെടണമെന്ന ആഹ്വാനവുമായി ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ. സഭയിൽ സമാധാനം നിലനിൽക്കണമെന്നും, ഇന്നത്തെ കലുഷിതമായ സാഹചര്യങ്ങൾ കുഞ്ഞുങ്ങളിലേക്ക് പകരരുതെന്നും ബാവ പറഞ്ഞു. ഓമല്ലൂർ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി വലിയ പള്ളിയിലെ സുവർണ്ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബാവ.
സഭയുടെ ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ടെന്നും ആ പ്രതീക്ഷ കുഞ്ഞുങ്ങളിലാണെന്നും ബാവ കൂട്ടിച്ചേർത്തു. 14-ാം വയസ്സിൽ ശെമ്മാശനായി ശുശ്രൂഷ ചെയ്ത കാലത്ത് മുളന്തുരുത്തി പള്ളിയിൽ അനുഭവിക്കേണ്ടിവന്ന കലുഷിതമായ സഭാന്തരീക്ഷം ഇന്നും ഹൃദയത്തിൽ മുറിവായി നിലനില്ക്കുന്നുവെന്നും ബാവ ഓർത്തെടുത്തു. പിന്നീട് വർഷങ്ങളോളം പള്ളി പൂട്ടിക്കിടന്ന അനുഭവവും, ഓലമേഞ്ഞ ചാപ്പലിൽ വൈദികനാകേണ്ടി വന്നതും ആദ്യമായി വി. കുർബ്ബാന അർപ്പിക്കേണ്ടിവന്ന നിമിഷങ്ങളും വികാരാധീനനായി ബാവ പങ്കുവച്ചു.
2017-ലെ വിധിക്ക് ശേഷം ഉണ്ടായ സംഭവവികാസങ്ങൾ ആത്മാവിനെ ആഴത്തിൽ വേദനിപ്പിച്ചുവെന്നും, മുളന്തുരുത്തിയിലെ ‘കറുത്തദിനം’ കണ്ണീരോടെ ഓർക്കുന്നുവെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. 1970-കളെ ‘നഷ്ടപ്പെടലിന്റെ ജൂബിലി’യെന്നും അതേസമയം ‘തിരിച്ചുവരവിന്റെ ജൂബിലി’യെന്നും ബാവ വിശേഷിപ്പിച്ചു. വലിയ പ്രതിസന്ധികളിൽ സഭയുടെ സത്യവിശ്വാസം സംരക്ഷിച്ച അനേകം പൂർവ്വപിതാക്കന്മാരെ ഈ അവസരത്തിൽ സ്മരിക്കേണ്ടതുണ്ടെന്നും ബാവ കൂട്ടിച്ചേർത്തു.
ജൂബിലി വർഷം ദൈവത്തെയും ദൈവാലയത്തെയും അവിടുത്തെ ജനങ്ങളെയും വീണ്ടും തിരിച്ചറിയാനുള്ള അവസരമാണ്. ദൈവം വസിക്കുന്ന ഇടമാണ് ദൈവാലയമെന്നും, കൂട്ടായ ആരാധനയിലൂടെയാണ് ആ സഹവാസം ഉറപ്പിക്കപ്പെടുന്നതെന്നും ബാവ ഓർമ്മിപ്പിച്ചു.
ദൈവാലയത്തിലേക്ക് പ്രവേശിക്കുമ്പോൾ ബാഹ്യശുദ്ധീകരണത്തിനും വേഷവിധാനത്തിനും വലിയ പ്രാധാന്യമുണ്ടെന്നും, വിശുദ്ധ ആരാധനയോടുള്ള ആദരവാണ് അത് പ്രകടിപ്പിക്കുന്നതെന്നും ബാവ വ്യക്തമാക്കി. യുവതലമുറയടക്കം വിനോദയിടങ്ങളിലെ കാഷ്വൽ വസ്ത്രധാരണ രീതി ആരാധനാലയങ്ങളിലേക്ക് കൊണ്ടുവരുന്നത് വിശ്വാസത്തോടുള്ള അവഹേളനമായി മാറുന്നുവെന്നും ബാവ മുന്നറിയിപ്പ് നൽകി.
ദൈവത്തിന്റെയും മനുഷ്യന്റെയും ഇടയിലുള്ള അകലം കുറയ്ക്കാനുള്ള ആത്മീയ ശൃംഖലയാണ് ആരാധനയെന്നും, എന്നാൽ ഇന്നത്തെ തലമുറ ദൈവത്തിൽ നിന്നും ദൈവാലയത്തിൽ നിന്നും അകന്നുപോകുന്ന സാഹചര്യം ആശങ്കാജനകമാണെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. യുവതലമുറയിൽ പള്ളിയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയുന്നതായും, ‘ഒളിഞ്ഞിരിക്കാനും അകലം പാലിക്കാനും’ ആഗ്രഹിക്കുന്ന മനോഭാവം വളർന്നുവരുന്നതായും ബാവ നിരീക്ഷിച്ചു.
ദൈവത്തിൽ നിന്നും ദൈവാലയത്തിൽ നിന്നും ദൂരെയായി സഞ്ചരിക്കുന്നവരുടെ എണ്ണം വർധിക്കുമ്പോൾ ദൈവാലയം കച്ചവടസ്ഥലമായി മാറുന്ന സാഹചര്യം ഉണ്ടാകുമെന്നും ബാവ പറഞ്ഞു. ജൂബിലി വർഷം ഓരോരുത്തരും താന്താങ്ങളുടെ അവകാശത്തിലേക്ക് തിരികെ പോകണമെന്ന ദൈവകൽപ്പനയാണെന്നും, അന്യായമായി പിടിച്ചെടുത്തത് അവകാശികൾക്ക് തിരിച്ചു നൽകുകയാണ് ജൂബിലിയുടെ ആത്മാവെന്നും ബാവ ചൂണ്ടിക്കാട്ടി.
ദൈവാലയത്തിലെത്തിയിട്ടുണ്ടെങ്കിലും ദൈവത്തോടുള്ള ബന്ധത്തിൽ നമ്മൾ എവിടെയാണെന്ന ആത്മപരിശോധന ആവശ്യമാണ്. കഷ്ടപ്പാടും ത്യാഗവും സഹിച്ച പൂർവ്വപിതാക്കന്മാർ ഉയർത്തിപ്പിടിച്ച വിശ്വാസവും പാരമ്പര്യവും പുതിയ തലമുറയും ചേർത്തുപിടിക്കണമെന്നും, സത്യത്തിന്റെയും നീതിയുടെയും മാർഗ്ഗത്തിൽ ഐക്യത്തോടെ മുന്നോട്ട് പോകുവാൻ കഴിയട്ടെയെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ പ്രാർത്ഥനയോടെ ആഹ്വാനം ചെയ്തു.
തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ തേവോദോസിയോസ് മാത്യൂസ്, ഡോ. മോർ കൂറിലോസ് ഗീവർഗീസ് എന്നിവരും ഇടവക വികാരി ഫാ. ഡോ. കോശി പി. ജോർജ്, സഭാ വൈദിക ട്രസ്റ്റി ഫാ. റോയ് ജോർജ് കട്ടച്ചിറ, സഹവികാരി ഫാ കോശി ബാബു, തുമ്പമൺ ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് സക്കറിയ തുടങ്ങിയവരും പ്രസംഗിച്ചു.
