പത്തനംതിട്ട ● വിശ്വാസവഴികളെ ഭക്തിസാന്ദ്രമാക്കി മഞ്ഞിനിക്കര പെരുന്നാളിന് കൊടിയേറി. മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കബറിടത്തിൽ അനുഗ്രഹം തേടി പ്രാർത്ഥനാഗീതങ്ങളോടെ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നു കാൽനട തീർഥയാത്രകൾ ആരംഭിച്ചു.
പരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 94-ാമത് ദുഃഖ്റോനോ പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് മഞ്ഞിനിക്കര ദയറാ കത്തീഡ്രലിൽ അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ മിലിത്തിയോസ് യൂഹാനോൻ, മോർ തേവോദോസിയോസ് മാത്യൂസ്, മോർ ഗ്രിഗോറിയോസ് കുര്യാക്കോസ് എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന നടന്നു. തുടർന്ന് അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത കൊടിയേറ്റ് നിർവഹിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ അത്താനാസിയോസ് ഗീവർഗീസ്, മോർ തേവോദോസിയോസ് മാത്യൂസ്, മോർ ഗ്രിഗോറിയോസ് കുര്യാക്കോസ് എന്നിവർ സന്നിഹിതരായിരുന്നു.
വൈകീട്ട് 5.30-ന് പരിശുദ്ധ മോറാൻ്റെ കബറിടത്തിൽനിന്ന് ആഘോഷപൂർവ്വം കൊണ്ടുപോയ പാത്രിയർക്കാ പതാക ഓമല്ലൂർ കുരിശിൻതൊട്ടിയിൽ മഞ്ഞിനിക്കര ദയറാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത ഉയർത്തി.
രാവിലെ ദയറായോട് ചേർന്നുള്ള മഞ്ഞിനിക്കര മോർ സ്തേഫാനോസ് പള്ളിയിലെ കൊടിയേറ്റിനു ശേഷം, നേർച്ചച്ചെമ്പിൽ അരിയിടിൽ ചടങ്ങും നടത്തി. വർഷങ്ങളായി തീർഥാടകർക്ക് ഭക്ഷണം നൽകുന്ന പതിവിന്റെ ഭാഗമായി പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവായുടെ കബറിടത്തിൽ നടന്ന ചടങ്ങിൽ ദയറാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത ചെമ്പിൽ അരിയിട്ട് പ്രാർത്ഥിച്ചു നൽകി. വികാരി ഫാ. എബി സ്റ്റീഫൻ, ഫാ. രഞ്ജി ജോർജ്, റോയ്സ് മാത്യു, രാജൻ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.
കണ്ണൂർ, കേളകം, മലബാർ ചെറ്റപ്പാലം, കൽപറ്റ, മീനങ്ങാടി, കോഴിക്കോട്, അങ്കമാലി, കോതമംഗലം, പെരുമ്പാവൂർ, വടക്കൻ പറവൂർ, ആലുവ, കരിങ്ങാച്ചിറ, കാക്കനാട്, മൂവാറ്റുപുഴ, കട്ടപ്പന, കുത്താട്ടുകുളം, തൊടുപുഴ, ഹൈറേഞ്ച് മേഖല, അടിമാലി, തുമ്പമൺ ഭദ്രാസനത്തി ലെ കിഴക്കൻ മേഖല, കൊല്ലം ഭദ്രാസനത്തിലെ തെക്കൻ മേഖല, നിരണം ഭദ്രാസനത്തിലെ പടിഞ്ഞാറൻ മേഖല, കട്ടപ്പന, പീരുമേട്, റാന്നി ഉൾപ്പെട്ട ഹൈറേഞ്ച് മേഖല, എന്നിവിടങ്ങളിൽ നിന്നു തീർഥയാത്ര സംഘങ്ങൾ ഫെബ്രുവരി 13-ന് മഞ്ഞിനിക്കര കബറിങ്കൽ എത്തിച്ചേരും.
ഈ വര്‍ഷത്തെ പെരുന്നാളിന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായും, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രത്യേക ശ്ലൈഹീക പ്രതിനിധിയായ പാത്രിയർക്കൽ സെക്രട്ടറിയുമായ അഭിവന്ദ്യ മോർ ജോസഫ് ബാലി മെത്രാപ്പോലീത്തയും, യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ എല്ലാ അഭിവന്ദ്യ മെത്രാപ്പോലീത്തമാരും, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളും പങ്കെടുക്കും.
ഫെബ്രുവരി 9-ാം തീയതി മുതല്‍ എല്ലാ ദിവസങ്ങളിലും രാവിലെ 5 മണിക്ക് പ്രഭാത നമസ്ക്കാരവും, 7.30-ന് വിശുദ്ധ കുര്‍ബ്ബാനയും, 12.30-ന് ഉച്ചനമസ്ക്കാരവും, വൈകിട്ട് 5 മണിക്ക് സന്ധ്യാനമസ്ക്കാരവും ഉണ്ടായിരിക്കും. 9-ാം തീയതി വൈകിട്ട് 6.30-ന് ഗാനശുശ്രൂഷയും 7 മണിക്ക് ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടറുമായ അഭിവന്ദ്യ മോര് പീലക്സീനോസ് സക്കറിയാസ് മെത്രാപ്പോലീത്ത കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഫാ. ബേസില്‍ പര്യാത്തുപറമ്പില്‍, കോതമംഗലം പ്രസംഗിക്കും.
10-ാം തീയതി ചൊവ്വാഴ്ച രാവിലെ 9.30-ന് തുമ്പമണ്‍ ഭദ്രാസന വനിതാ സമാജം ധ്യാനയോഗം അഭിവന്ദ്യ മോര് മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. തൃശൂര്‍ ഭദ്രാസനാധിപൻ അഭിവന്ദ്യ മോര് ക്ലീമീസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ധ്യാനം നയിക്കും. അന്ന് വൈകിട്ട് 6.30-ന് ഗാനശുശ്രൂഷയും 7 മണിക്ക് ഫാ. സഞ്ചു മാനുവല്‍, കോട്ടയം നയിക്കുന്ന പ്രസംഗവും ഉണ്ടായിരിക്കും.
ഫെബ്രുവരി 11-ാം തീയതി ബുധനാഴ്ച വൈകിട്ട് 6 മണിക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ എസ്. ഐ.എ.എസ്. നിർവഹിക്കും. 94 നിര്‍ദ്ധനരായ ആളുകള്‍ക്ക് അരിയും വസ്ത്രങ്ങളും വിതരണം ചെയ്യും. അതിനു ശേഷം 7 മണിക്ക് ഗാനശുശ്രൂഷയും 7.30-ന് ഫാ. ഷിബു ചെറിയാന് (എം.എസ്.ഒ.ടി സെമിനാരി, മുളന്തുരുത്തി) പ്രസംഗവും നടക്കും. ഫെബ്രുവരി 12-ാം തീയതി വ്യാഴാഴ്ച രാവിലെ 5 മണിക്ക് പ്രഭാത നമസ്ക്കാരം, 7.30-ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 5 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, എന്നിവ ഉണ്ടായിരിക്കും.
ഫെബ്രുവരി 13-ാം തീയതി വെള്ളിയാഴ്ച രാവിലെ 5 മണിക്ക് പ്രഭാത നമസ്കാരവും 7.30-ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂന്‍ മോര് ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാര്‍മികത്വത്തിലും പൗരസ്ത്യ സുവിശേഷം സമാജത്തിന്റെ അഭിവന്ദ്യ മോര് ക്രിസോസ്റ്റമോസ് മര്‍ക്കോസ്, ക്നാനായ ഭദ്രാസനത്തിന്റെ മോര് ഈവാനിയോസ് കുര്യാക്കോസ് എന്നീ മെത്രാപ്പോലീത്തമാരുടെ സഹ കാര്‍മികത്വത്തിലും വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാന നടക്കും.
അന്നേ ദിവസം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന തീർഥാടകരെ രാവിലെ 6 മണിക്ക് മഞ്ഞിനിക്കര കുരിശുംതൊട്ടിയിലും ഉച്ചകഴിഞ്ഞ് 3 മണിക്ക് ഓമല്ലൂര്‍ കുരിശിങ്കല്‍ വച്ചും അഭിവന്ദ്യ മെത്രാപ്പോലീത്തമാരും മോര് സ്തേഫാനോസ് പള്ളി ഇടവകക്കാരും സമീപ ഇടവകകളിലെ അംഗങ്ങളും ചേര്‍ന്നു സ്വീകരിച്ച് കബറിങ്കലേക്ക് ആനയിക്കും.
13-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവായുടെയും അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെയും നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥന നടക്കും. തുടര്‍ന്ന് 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധി അഭിവന്ദ്യ മോർ ജോസഫ് ബാലി മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബാവ അദ്ധ്യക്ഷത വഹിക്കും.
അഖില മലങ്കര അടിസ്ഥാനത്തിൽ സണ്ടേസ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടിക്കുള്ള സെന്റ് ഏലിയാസ് തൃതീയൻ ഗോൾഡ് മെഡൽ ആരോഗ്യ, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് വിതരണം ചെയ്യും. തീർഥാടക സംഘത്തിനുള്ള അവാർഡുകൾ അഭിവന്ദ്യ മോർ ദീയസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയും, തുമ്പമൺ ഭദ്രാസനത്തിൽ നിന്നുള്ള അവാർഡുകൾ അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്തയും വിതരണം ചെയ്യും.
സമ്മേളനത്തിൽ ആന്റോ ആന്റണി എം.പി., പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനമ്മ റോയി, ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുമോൾ കോശി, ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആതിര വി., സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ അല്മായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. സമ്മേളനാനന്തരം തീർഥയാത്രാ സംഘത്തിന്റെ നേതൃത്വത്തിൽ പരിശുദ്ധ മോറാന്റെ കബറിങ്കലിൽ അഖണ്ഡ പ്രാർത്ഥനയും ഉണ്ടായിരിക്കും.
ഫെബ്രുവരി 14-ന് ശനിയാഴ്ച പുലർച്ചെ 3 മണിക്ക് മഞ്ഞിനിക്കര മോർ സ്തേഫാനോസ് കത്തീഡ്രലിൽ അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയും, ദയറാ കത്തീഡ്രലിൽ 5.15-ന് പ്രഭാത പ്രാർത്ഥനയും 5.45-ന് അഭിവന്ദ്യരായ മോർ തീമോത്തിയോസ് തോമസ്, മോർ ഒസ്ത്താത്തിയോസ് ഐസക്, മോർ യൂലിയോസ് ഏലിയാസ് എന്നീ മെത്രാപ്പോലീത്തമാരുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും നടക്കും. തുടർന്ന് 8.30-ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രത്യേക ശ്ലൈഹീക പ്രതിനിധി അഭിവന്ദ്യ മോർ ജോസഫ് ബാലി മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയും പരിശുദ്ധ മോറാന്റെ കബറിങ്കലും മോര് യൂലിയോസ് യാക്കോബ്, മോര് ഒസ്ത്താത്തിയോസ് ബെന്യാമിന് ജോസഫ്, മോര് യൂലിയോസ് കുര്യാക്കോസ് എന്നീ പിതാക്കന്മാരുടെ കബറിടങ്ങളിൽ ധൂപപ്രാര്‍ത്ഥനയും 10.30-ന് സമാപന പ്രദക്ഷിണവും നേർച്ച വിളമ്പും ഉണ്ടായിരിക്കും.
പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ നിന്ന് മഞ്ഞിനിക്കരയിലേക്ക് കെ.എസ്.ആർ.ടി.സി.യുടെ പ്രത്യേക ബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ദയറായ്ക്കു സമീപമുള്ള ഫാമിലി ഹെൽത്ത് സെന്ററിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനവും ആംബുലൻസ് സർവീസും ലഭ്യമാകും. ശുദ്ധജല വിതരണത്തിനുള്ള ക്രമീകരണങ്ങൾ കേരള വാട്ടർ അതോറിറ്റി നിർവഹിക്കും. ദയറയും പരിസര പ്രദേശങ്ങളും യാചക നിരോധന മേഖലയും ഉത്സവ മേഖലയും പ്ലാസ്റ്റിക് രഹിത മേഖലയുമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.





