പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അഖില മലങ്കര വൈദിക ദ്വിദിന യോഗം പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിലെ കൺവെൻഷൻ സെൻ്ററിൽ ആരംഭിച്ചു. രാവിലെ അഖില മലങ്കര വൈദീക സംഘം പ്രസിഡൻ്റ് അഭി. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ കൂടിയ സംഗമം ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്തു.
പ്രതികൂലതകളുടെ മദ്ധ്യത്തിൽ സഭയെ ഹൃദയത്തോട് ചേർത്തുവച്ച് സേവനം ചെയ്യുന്ന വൈദീകർ സഭയുടെ സമ്പത്താണെന്നും, വൈദീകരെ കരുതുന്ന നിരവധി ക്ഷേമപദ്ധതികൾ സഭ ആവിഷ്ക്കരിക്കുമെന്നും ബാവ പറഞ്ഞു. വൈദീകരുടെ ക്ഷേമത്തിനായി സഭയുടെ ക്ഷേമനിധിയിൽ നിന്ന് 5 ലക്ഷം രൂപാ സഭാ ട്രസ്റ്റി കമാണ്ടർ തമ്പു ജോർജ്ജ് തുകലനും സെക്രട്ടറി ജേക്കബ് സി. മാത്യുവും ചേർന്ന് ശ്രേഷ്ഠ ബാവായെ ഏൽപ്പിക്കുകയും ബാവാ വൈദീക സംഘം പ്രസിഡന്റിനെ നൽകുകയും ചെയ്തു. പരി. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭി. തോമസ് മോർ തീമോത്തിയോസ്, അഭി. ഐസക് മോർ ഒസ്താത്തിയോസ്, അഭി. യാക്കോബ് മോർ അന്തോണിയോസ്, അഭി. കുര്യാക്കോസ് മോർ ക്ലിമീസ് എന്നീ മെത്രാപ്പോലീത്തമാരും സഭാ വൈദിക ട്രസ്റ്റി ഫാ. റോയ് ജോർജ്ജ് കട്ടച്ചിറ, അഖില മലങ്കര വൈദിക സെക്രട്ടറി ഫാ. ജോൺ ഐപ്പ് മങ്ങാട്ട്, സഭാ ട്രസ്റ്റി കമാണ്ടർ തമ്പു ജോർജ്ജ് തുകലൻ, സെക്രട്ടറി ജേക്കബ് സി. മാത്യു, ഫാ. സാംസൺ മേലോത്ത്, ഫാ. തോമസ് കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
റവ. ഫാ. ജോസഫ് പരത്തുവയലിൽ കശ്ശീശ രചിച്ച പുസ്തകം ശ്രേഷ്ഠ ബാവാ പ്രകാശനം ചെയ്തു. തുടർന്ന് റവ. ഡോ. മോത്തി വർക്കി ക്രിസ്തു മനസ്സ് പുരോഹിതരിൽ എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുത്തു. ഉച്ചയ്ക്കു ശേഷം റവ. ഡോ. ജോർജ്ജ് വർഗീസ് ക്ലാസ്സിന് നേതൃത്വം നൽകി. ആദ്യ ദിനത്തെ പരിപാടികൾ രാത്രി 10 മണിയോടുകൂടി അവസാനിക്കും.
ചൊവ്വാഴ്ച രാവിലെ ക്ലാസുകൾ, ചർച്ച, ആദരിക്കൽ ചടങ്ങ് തുടങ്ങിയവ നടക്കും. വൈദിക സംഘം സെക്രട്ടറി ഫാ. ജോൺ ഐപ്പിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ക്യാമ്പിന് നേതൃത്വം നൽകുന്നു.

