പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വെട്ടിക്കൽ എം.എസ്.ഒ.ടി സെമിനാരി റസിഡന്റ് മെത്രാപ്പോലീത്തയും യൂറോപ്പിലെ പാത്രിയാർക്കൽ വികാരിയും മീഡിയാ സെൽ ചെയർമാനുമായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത അറുപതിൻ്റെ നിറവിൽ. മെത്രാപ്പോലീത്തയുടെ ഷഷ്ട്യബ്ദപൂർത്തി ആഘോഷം ഫെബ്രുവരി 1 ഞായർ വൈകിട്ട് 4 മണിക്ക് മുളന്തുരുത്തി വെട്ടിക്കൽ സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
ഭവന പദ്ധതിയുടെ ഉദ്ഘാടനം ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നിർവഹിക്കും. മാർത്തോമ്മാ സഭയുടെ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണവും യാക്കോബായ സുറിയാനി സഭയുടെ ഡോ. എബ്രഹാം മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും നടത്തും.
രോഗികൾക്കുള്ള സഹായ പദ്ധതി പി.വി. ശ്രീനിജിൻ എം.എൽ.എ യും പുസ്തക പ്രകാശനം നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ (എൻ.സി.സി.ഐ) ജനറൽ സെക്രട്ടറി റവ. ഡോ. അസീർ എബനേസറും നിർവഹിക്കും.
അനൂപ് ജേക്കബ് എം.എൽ.എ, മലങ്കര കത്തോലിക്ക സഭയുടെ ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ് മെത്രാപ്പോലീത്ത, സി.എസ്.ഐ കൊച്ചി രൂപതാ ബിഷപ്പ് റവ. കുര്യൻ പീറ്റർ, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് മാത്യൂസ് മോർ സിൽവാനസ് എപ്പിസ്കോപ്പ, യാക്കോബായ സുറിയാനി സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത, തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി റെജി വർഗീസ്, സഭാ ഭാരവാഹികളായ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, അല്മായ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സെക്രട്ടറി ജേക്കബ് സി. മാത്യു, ആദായി ജേക്കബ് കോറെപ്പിസ്കോപ്പ, റവ. ഡോ. അജി ജോർജ് എന്നിവർ പ്രസംഗിക്കും.
1966 ഫെബ്രുവരി 1-ന് ഊരമന സെൻ്റ് ജോർജ് താബോർ യാക്കോബായ സുറിയാനി പള്ളി ഇടവകയിൽ, കൊടികുത്തിയിൽ ചെറിയ വർക്കിയുടെയും സാറാമ്മയുടെയും എട്ടു മക്കളിൽ അഞ്ചാമത്തെ പുത്രനായി ജനിച്ചു.
സാധാരണ ജീവിത സാഹചര്യങ്ങളിലൂടെയും അനേകം പ്രതിസന്ധികളിലൂടെയും കടന്നുപോയ ആ കുടുംബത്തിന്റെ കരുത്ത്, ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ ക്രൈസ്തവ ജീവിതശൈലിയായിരുന്നു. മക്കളെയെല്ലാം ദൈവഭയത്തിലും അച്ചടക്കത്തിലും വളർത്തുന്നതിൽ മാതാപിതാക്കൾ അതീവ ശ്രദ്ധാലുക്കളായിരുന്നു.
അതിരാവിലെയും സന്ധ്യാസമയത്തും മാതാപിതാക്കളോടൊപ്പം ചേർന്ന് നടത്തിയിരുന്ന യാമപ്രാർത്ഥനകളും മുടങ്ങാത്ത ഞായറാഴ്ച ആരാധനകളും അദ്ദേഹത്തിന്റെ ഉള്ളിൽ ആത്മീയതയുടെ വിത്തുകൾ പാകി. പ്രാർത്ഥനയുടെ ആ ശിക്ഷണകാലത്തെക്കുറിച്ച് തിരുമേനി പലപ്പോഴും സ്മരിക്കാറുണ്ട്; “അതിരാവിലെ പ്രാർത്ഥനയ്ക്കിടെ അമ്മയുടെ മടിയിൽ ഇരുന്ന് മന്ദിച്ചുറങ്ങിപ്പോയാലും, എല്ലാവരും ഒരുമിച്ച് പ്രാർത്ഥനയിൽ പങ്കെടുക്കണം എന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് യാതൊരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല.” ഒരു മനുഷ്യന്റെ പ്രഥമ ദൈവാലയവും വിദ്യാലയവും അവന്റെ കുടുംബമാണെന്ന സത്യം ആ വീട്ടിൽ ജീവിച്ചിരുന്ന യാഥാർത്ഥ്യമായിരുന്നു.
ബാല്യകാലം മുതൽ തന്നെ പ്രാർത്ഥനയിലൂടെ ആത്മീയതയും അർപ്പണബോധവും ജീവിതമാർഗ്ഗമാക്കിയ സജി എന്ന ബാലൻ പത്താം വയസ്സിൽ തന്നെ മദ്ബഹാ ശുശ്രൂഷകനായി ദൈവാലയ ശുശ്രൂഷാ ജീവിതത്തിലേക്ക് കടന്നു. ഊരമന ഗവ. ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. തുടർന്ന് ആത്മീയ വിദ്യാഭ്യാസത്തിലേക്ക് തിരിഞ്ഞ അദ്ദേഹം, 1989-ൽ മലേക്കുരിശ് ദയറായിൽ പ്രവർത്തിച്ചിരുന്ന സെമിനാരിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ (B .Th) ഡിപ്ലോമ കരസ്ഥമാക്കി. 1989 ജനുവരി 6-ന് പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയിൽ നിന്നും ശെമ്മാശ (യൗഫദിയക്ക്നോ) പട്ടം സ്വീകരിച്ചു. തുടർന്ന്, പുണ്യശ്ലോകനായ തോമസ് മോർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത (ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവാ)യുടെ സെക്രട്ടറിയായി ശുശ്രൂഷ ആരംഭിച്ചു.
1992-ൽ ബാംഗ്ലൂർ യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ നിന്നും ദൈവശാസ്ത്രത്തിൽ (BD) ബിരുദം സമ്പാദിച്ചു. 1992 മുതൽ 1994 വരെ സെമിനാരിയിൽ ദൈവശാസ്ത്ര അദ്ധ്യാപകനായും, വാർഡനായും ശുശ്രൂഷ ചെയ്തു. ഈ കാലയളവിൽ സഭയുടെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച സജി ശെമ്മാച്ചൻ, യുവത്വത്തെ ആത്മീയവും ബൗദ്ധികവുമായി നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
1994-ൽ ജർമ്മനിയിൽ കത്തോലിക്കാ സഭയുടെ എക്യുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉപരിപഠനത്തിനുള്ള സ്കോളർഷിപ്പിന് അർഹനായി. ജർമ്മൻ, ലത്തീൻ ഭാഷകളിലും ദൈവശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി. ജർമ്മനിയിലുള്ള റേഗൻസ്ബുർഗ് യൂണിവേഴ്സിറ്റിയിൽ പ്രൊഫ. ഡോ. ഹൂബർട്ട് റിത്തിൻ്റെ മേൽനോട്ടത്തിൽ ഗവേഷണം പൂർത്തീകരിച്ച്, 2001-ൽ പുതിയ നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ഈ കാലഘട്ടത്തിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ (പ്രൊഫ. ജോസഫ് റാറ്റ്സിംഗർ) ശിഷ്യനാകുവാൻ അപൂർവ്വ ഭാഗ്യം ലഭിച്ചു.
പരിശുദ്ധ സഭയുടെ നിലനിൽപ്പിനും പുരോഗതിക്കും വൈദിക സെമിനാരിയുടെ നിർണായക പങ്ക് തിരിച്ചറിഞ്ഞ്, സെമിനാരിയെയും പ്രത്യേകിച്ച് സെമിനാരി ലൈബ്രറിയെയും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം വീണ്ടും സെമിനാരിയിൽ തിരിച്ചെത്തി അധ്യാപകനായി സേവനം ആരംഭിച്ചു. ബഹു. സജി ശെമ്മാശൻ്റെ 2001 ലെ സെമിനാരി അദ്ധ്യാപകനായുള്ള രംഗപ്രവേശനം സെമിനാരി ചരിത്രത്തിലെ ഒരു പുതിയ നാഴികകല്ലായി മാറി.
2002 ൽ നവംബർ 12-ന് പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. കറുകപ്പിള്ളി സെൻ്റ് ജോർജ്, കൊട്ടാരക്കുന്ന് സെന്റ് മേരീസ് എന്നീ ഇടവകകളിൽ വൈദികനായി സേവനമനുഷ്ഠിച്ചു. 2003 സെപ്റ്റംബർ 27-ന് മലേക്കുരിശ് ദയറായിൽ വച്ച് അഭി. ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത (ഇപ്പോഴത്തെ ശ്രേഷ്ഠ കാതോലിക്ക ബാവാ)യിൽ നിന്നും റമ്പാൻ സ്ഥാനം സ്വീകരിച്ചു. തുടർന്ന് 2003 സെപ്റ്റംബർ 29-ന് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ആത്മീയ കടിഞ്ഞൂൽ പുത്രനായി, വൈദിക സെമിനാരിയ്ക്കു വേണ്ടി റസിഡൻ്റ് മെത്രാപ്പോലീത്തയായി, ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് എന്ന നാമത്തിൽ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ വച്ച് മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു.
തുടർന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവയാൽ യൂറോപ്പിന്റെ മെത്രാപ്പോലീത്തയായി നിയമിതനായി. യൂറോപ്പിൽ അനേകം ഇടവകകൾ സ്ഥാപിക്കുകയും, ആദ്യമായി യൂറോപ്യൻ ഫാമിലി കോൺഫറൻസ് ആരംഭിക്കുകയും ചെയ്തു. 2004 മുതൽ 2008 വരെ യു.എ.ഇ യിൽ പാത്രിയാർക്കൽ വികാരിയായി സേവനമനുഷ്ഠിച്ചു. ഇക്കാലയളവിൽ വിവിധ ഇടവകകൾക്ക് തുടക്കം കുറിക്കുകയും അനേകം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്തു.
കഴിഞ്ഞ 23 വർഷങ്ങളായി നീളുന്ന ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മഹാപൗരോഹിത്യ ശുശ്രൂഷ, സഭയ്ക്കും സമൂഹത്തിനും അനുഗ്രഹമായി മാറി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വൈദിക സെമിനാരിയും യൂറോപ്പ് ഭദ്രാസനവും ഗണ്യമായ വളർച്ച കൈവരിച്ചു. സെമിനാരിയുടെ പ്രധാന കെട്ടിടത്തിൽ മൂന്ന് നിലകളിലായി ലോകോത്തര നിലവാരത്തിലുള്ള വിപുലമായ ലൈബ്രറിയും ഓഡിറ്റോറിയവും നിർമ്മിച്ചു. 2024-ൽ സെമിനാരി സമുച്ചയവും, 2025-ൽ അതിമനോഹരമായ സെമിനാരി ചാപ്പലും പണിതീർത്തു. സെമിനാരി ക്യാമ്പസിനെ ഫലവൃക്ഷങ്ങൾ നിറഞ്ഞ ‘ഗ്രീൻ ക്യാമ്പസ്’ ആയി മാറ്റുകയും, ഗസ്റ്റ് ഹൗസും അരമനയും നിർമ്മിക്കുകയും ചെയ്തു. മാതാപിതാക്കൾ നഷ്ടപ്പെട്ടവരോ, സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്നവരോ ആയ പെൺകുട്ടികളെ സൗജന്യ വിദ്യാഭ്യാസവും, താമസവും നൽകി താമസിപ്പിക്കുന്ന സെൻ്റ് മേരീസ് ഗേൾസ് ഹോം ആരംഭിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അവരെ തൊഴിലധിഷ്ഠിത ഉപരിപഠനത്തിനായി അയക്കുന്നു.
വിദ്യാഭ്യാസ മേഖലയിലും സാമൂഹിക സേവനങ്ങളിലും തിരുമേനി നൽകിയ സംഭാവനകൾ അതുല്യമാണ്. ഗ്രാമപ്രദേശത്ത് ഗുണനിലവാരത്തിൽ, സാധാരണക്കാരുടെ കുട്ടികൾക്കും പഠിക്കുവാൻ സാധിക്കുന്ന വിധത്തിൽ 2004-ൽ സെമിനാരിയുടെ കീഴിൽ സെന്റ് എഫ്രേം സി.ബി.എസ്.ഇ സെമിനാരി പബ്ലിക് സ്കൂൾ ആരംഭിച്ചു. ഇന്ന് ആയിരത്തിലധികം കുട്ടികൾ ഇവിടെ പഠിക്കുന്നു. നൂറുകണക്കിന് നിർധന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു. നൂറു വർഷം പഴക്കമുള്ള ദേശത്തിൻ്റെ വിദ്യാഭ്യാസ മുഖമായിരുന്ന സെന്റ് തോമസ് എൽ. പി. സ്കൂൾ അതിന്റെ ശോച്യാവസ്ഥയിൽ സെമിനാരിയുടെ കീഴിൽ ഏറ്റെടുത്ത് പുതുക്കി നവീകരിച്ച് പ്രവർത്തനക്ഷമമാക്കി.
എക്യുമെനിക്കൽ വേദികളിൽ സഭയുടെ ശക്തമായ ശബ്ദമായി തിരുമേനി സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്നു. പത്താം മഹാപൗരോഹിത്യ വാർഷികാഘോഷ വേളയിൽ, പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ, തിരുമേനിയെ “സഭയുടെ അംബാസിഡർ” എന്ന വിശേഷണത്തോടെ ആദരിച്ചു. വി. കുർബ്ബാനയും, മറ്റു കൂദാശകളും അനുഷ്ഠിക്കുമ്പോൾ അതിൻ്റെ പൂർണമായ ശ്രേയസിലും മനോഹാരിതയിലും നിർവ്വഹിക്കുന്നതിനുള്ള അസുലഭ താലന്ത് തിരുമേനിയിൽ നിക്ഷിപ്തമാണ്.
പരിശുദ്ധ സഭയിലെ മെഡിക്കൽ ഡോക്ടേഴ്സിനെ ഒരുമിച്ച് കൂട്ടി സഭയോട് ചേർത്തു നിർത്തുവാനും അവരുടെ സേവനം സഭാമക്കൾക്കും സമൂഹത്തിലെ നിർദ്ധനരായവർക്കും ലഭിക്കുക എന്ന ലക്ഷ്യത്തോടെ സിറിയൻ ഓർത്തഡോക്സ് മെഡിക്കൽ ഡോക്ടേഴ്സ് അസ്സോസിയേഷൻ പ്രസിഡന്റ് ആയി ശുശ്രൂഷ ചെയ്യുന്നു.
കാക്കൂരിൽ വൈദികർക്കും വൃദ്ധർക്കുമായി സാന്ത്വന റിട്ടയർമെന്റ് ഹോം പൂർത്തീകരണത്തിലായിരിക്കുകയാണ്. 2006 മുതൽ, അനാഥരായ മാനസിക രോഗികളെ സംരക്ഷിക്കുന്ന ക്രിസ്തുരാജ ബെഗ്ഗർ ഹോം എന്ന സ്ഥാപനത്തിന്റെ ആത്മീയ പിതാവായി തിരുമേനി സേവനം ചെയ്യുന്നു.
നിർധന പെൺകുട്ടികളുടെ വിവാഹ സഹായം, ഭവനരഹിതർക്കുള്ള വീടുകൾ, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, ചികിത്സാ സഹായങ്ങൾ, ഭക്ഷ്യക്കിറ്റ് വിതരണങ്ങൾ എന്നിവയിലൂടെ ഇടയത്വ ശുശ്രൂഷയുടെ സാമൂഹിക മുഖം തിരുമേനി ശക്തമായി ഉയർത്തിപ്പിടിക്കുന്നു.
സഭയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ, പ്രത്യേകിച്ച് 2017-ലെ കോടതിവിധിയ്ക്കു ശേഷം, സഭാ മക്കൾക്ക് ധൈര്യവും പ്രത്യാശയും പകർന്നു നൽകി, പഠനങ്ങളിലൂടെയും പ്രഘോഷണങ്ങളിലൂടെയും സഭയുടെ ശബ്ദമായി തിരുമേനി മുന്നണിയിൽ നിലകൊണ്ടു. സഭയുടെ മാധ്യമ രംഗത്തും എക്യുമെനിക്കൽ പ്രസ്ഥാനങ്ങളിലും നിറ സാന്നിധ്യമായി ശ്രേഷ്ഠമായ ശുശ്രൂഷ നിർവഹിക്കുന്നു.
ഇന്നും തിരുമേനി സഭയുടെ വൈദിക സെമിനാരി പ്രസിഡൻ്റ്, പ്രൊഫസർ, മീഡിയാ സെൽ ചെയർമാൻ, എക്യുമെനിക്കൽ ഓഫീസ് പ്രസിഡൻ്റ്, മോർ ഗ്രീഗോറിയോസ് വിദ്യാർത്ഥി പ്രസ്ഥാനം പ്രസിഡന്റ്, വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് (WCC) ഫെയ്ത്ത് ആൻ്റ് ഓർഡർ കമ്മീഷൻ അംഗം, നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ (എൻ.സി.സി.ഐ) യുടെ പോളിസി ആൻഡ് ഗവേണൻസ് കമ്മിറ്റി ചെയർമാൻ, ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ (CCA) പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ, ഇന്റർനാഷണൽ സിറിയക് മെഡിക്കൽ ഡോക്ടേഴ്സ് അസോസിയേഷന്റെ (ഇന്ത്യൻ ചാപ്റ്റർ) പ്രസിഡന്റ് , കാത്തലിക്-സിറിയൻ ഓർത്തഡോക്സ് ജോയിന്റ് കമ്മീഷൻ കോ-ചെയർപേഴ്സൺ, കാത്തലിക്-ഓറിയന്റൽ ഓർത്തഡോക്സ് ഡയലോഗ് കമ്മീഷൻ അംഗം, വേൾഡ് റിലീജിയൻസ് ഫോറം (മാസിഡോണിയ) സെൻട്രൽ കമ്മിറ്റി അംഗം,
ജർമ്മനിയിലെയും യുഎസ്എയിലെയും പ്രമുഖ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസർ, വെട്ടിക്കൽ സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂൾ, സെന്റ് തോമസ് എൽ.പി. സ്കൂൾ എന്നിവയുടെ ചെയർമാൻ
സാന്ത്വന ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രസിഡന്റ് എന്നീ നിലകളിൽ സജീവമായി പ്രവർത്തിക്കുന്നു.
ഏൽപ്പിക്കുന്ന ഏതു ചുമതലയും പൂർണ്ണമായ ആത്മാർത്ഥതയോടും സമർപ്പണത്തോടും കൂടി പൂർത്തിയാക്കി വിജയിപ്പിക്കുവാനുള്ള അസാമാന്യമായ കഴിവ് തിരുമേനിയുടെ പ്രത്യേകതയാണ്. സ്വന്തം സഭയോടുള്ള ആഴമായ വിശ്വാസത്തിലും അചഞ്ചലമായ വിശ്വസ്തതയിലും ഉറച്ചുനിൽക്കുമ്പോൾ തന്നെ, ഇതര സഭകളോടും മതങ്ങളോടും വിവിധ പ്രത്യയശാസ്ത്രങ്ങളോടും പുലർത്തുന്ന ആദരവു നിറഞ്ഞ സമീപനം അദ്ദേഹത്തിന്റെ സവിശേഷതയാണ്. ഈ വിശാലമനസ്കത സാമൂഹിക-രാഷ്ട്രീയ മേഖലകളിലുടനീളം വലിയൊരു സുഹൃദ്വലയം അദ്ദേഹത്തിന് നേടിക്കൊടുത്തു.
മികച്ച വചന പ്രഘോഷകനും എഴുത്തുകാരനും പണ്ഡിതനുമായ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത, സഭയുടെയും സമൂഹത്തിന്റെയും ഭാവിയെ ദീർഘവീക്ഷണത്തോടെ രൂപപ്പെടുത്തുന്ന സമുജ്ജ്വലമായ ഒരു സാന്നിധ്യമായി ഇന്നും തുടരുന്നു. ’തെയോഫിലോസ്’ എന്ന വാക്കിന്റെ അർത്ഥം പോലെ തന്നെ, ദൈവത്തിന്റെ സ്നേഹിതനായും ദൈവത്താൽ സ്നേഹിക്കപ്പെടുന്നവനായും ജീവിക്കുന്ന വ്യക്തിത്വമാണ് തിരുമേനിയുടേത്. തന്റെ നാമത്തെ അന്വർത്ഥമാക്കും വിധം, പ്രാർത്ഥനയിലൂടെയും കർമ്മനിരതമായ ശുശ്രൂഷയിലൂടെയും അദ്ദേഹം ആ ദൈവസ്നേഹം ലോകത്തിന് പങ്കുവെക്കുന്നു.
