നെച്ചൂർ ● കണ്ടനാട് ഭദ്രാസനത്തിലെ നെച്ചൂർ മാർത്തോമ്മൻ യാക്കോബായ സുറിയാനി പള്ളിയിൽ ചരിത്ര പ്രസിദ്ധമായ വി. മൂന്നു നോമ്പ് പെരുന്നാളിന് അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്ത കൊടി ഉയർത്തി.
ഇന്ന് (ജനുവരി 27 ചൊവ്വ) രാവിലെ 11-ന് മേമ്പൂട്ടിൽ നിന്നും പള്ളിസാധനങ്ങൾ ദൈവാലയത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങും ഉച്ചയ്ക്ക് 12-ന് ഉച്ചനമസ്കാരവും നടക്കും. വൈകിട്ട് 3:30-ന് ഭക്തി നിർഭരമായ പ്രദക്ഷിണം, വൈകിട്ട് 7-ന് സന്ധ്യാപ്രാർത്ഥന, 9-ന് ആശീർവാദം, നേർച്ചസദ്യ എന്നിവ ഉണ്ടാകും.
പ്രധാനപ്പെരുന്നാൾ ദിവസം ജനുവരി 28 ബുധൻ രാവിലെ 7.30-ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം, 8-ന് പ്രഭാതപ്രാർത്ഥന, 9 മണിക്ക് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യ കാർമികത്വത്തിലും അഭിവന്ദ്യരായ മോർ ഈവാനിയോസ് മാത്യൂസ്, മോർ അന്തോണിയോസ് യാക്കോമ്പ് എന്നീ മെത്രാപ്പോലീത്തമാരുടെ സഹകാർമികത്വത്തിലും വി. അഞ്ചിന്മേൽ കുർബ്ബാന നടക്കും.
11-ന് പ്രദക്ഷിണം, 12-ന് നേർച്ചസദ്യ, ഉച്ചയ്ക്ക് 1.30-ന് ചരിത്ര പ്രസിദ്ധമായ കറിനേർച്ച, 2.30-ന് കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ. ജിബു ചെറിയാൻ കൊച്ചുപുത്തൻപുരയിൽ, സഹവികാരി ഫാ. ജിനോ ജോണി പാറശ്ശേരിൽ, ട്രസ്റ്റി സോജൻ പി. അബ്രഹാം പുഞ്ചളായിൽ, സെക്രട്ടറി സിജു പൗലോസ് കുളങ്ങരയിൽ, വൈസ് പ്രസിഡൻ്റ് പി.ഐ ഏലിയാസ്, ജോ. ട്രസ്റ്റി എ.കെ സോജൻ, ജോ. സെക്രട്ടറി മൻസു മാത്യു, പെരുന്നാൾ കമ്മറ്റി കൺവീനർ ബാബു വാലടിയിൽ, പെരുന്നാൾ കമ്മറ്റി സെക്രട്ടറി ഷിബു വർഗീസ് കൊടക്കത്താനം എന്നിവർ നേതൃത്വം നൽകും.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
