“അത്താനാസിയോസ്” എന്ന പേരിന്റെ അർത്ഥം “മരണമില്ലാത്തവൻ” എന്നാകുന്നു. അതെ മരണമില്ലാത്ത ഓർമ്മയാണ് പരിശുദ്ധനായ വലിയതിരുമേനി. ഒരിക്കൽ ഭാഗ്യസ്മരണാർഹനായ ബസ്സേലിയോസ് തോമസ് ഒന്നാമൻ ബാവായോടു ഞാൻ ചോദിച്ചു: ബാവ എന്ത് കൊണ്ടാണ് പുത്തൻകുരിശിൽ സഭ ആസ്ഥാനത്തുള്ള കത്തീഡ്രലിനു പരിശുദ്ധനായ ആലുവായിലെ അത്താനാസിയോസ് വലിയ തിരുമേനിയുടെ നാമം നൽകിയത്? ശ്രേഷ്ഠ ബാവായുടെ മറുപടി ഇപ്പോഴും എന്റെ ചെവികളിൽ അലയടിക്കുന്നുണ്ട്. ബാവ പറഞ്ഞു: “മോനെ വലിയതിരുമേനിയെ സഭ എന്നും ഓർക്കണം, വലിയ തിരുമേനിയെ മറന്നു കൊണ്ട് സഭക്ക് ഒരിക്കലും മുന്നോട്ടു പോകുവാൻ സാധിക്കില്ല”.
ക്രൂശിന്റെ വഴിയിലൂടെ നന്മയിലേക്കു പരിശുദ്ധ യാക്കോബായ സുറിയാനി സഭയെ നയിച്ച പരിശുദ്ധ പിതാവായിരുന്നു ആലുവയിലെ വലിയതിരുമേനി. പ്രതിസന്ധികൾ നിറഞ്ഞതായ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ നാളുകളിൽ 49 വയസ്സിൽ മലങ്കര മെത്രാപ്പോലീത്തായുടെ ഭാരം തന്റെ ചുമലിൽ ഏറ്റ വലിയ തിരുമേനി പണം കൊണ്ട് സഭയെ വിലക്കുവാങ്ങുവാനും, തകർക്കുവാനും കച്ചകെട്ടി ഇറങ്ങിയവരെ പ്രാർത്ഥന കൊണ്ടും, സത്യവിശ്വാസം കൊണ്ട് നേരിട്ട് ഇന്ന് നാം കാണുന്ന സഭക്ക് അടിസ്ഥാനമൊരുക്കി എന്നുള്ളത് പരമമായ സത്യമാണ്.
സൺഡേസ്കൂൾ, വനിതാസമാജം, വിദ്യാർഥിപ്രസ്ഥാനം തുടങ്ങിയ ആദ്ധ്യാമിക പ്രസ്ഥാനങ്ങൾ, സഭയെക്കുറിചുള്ള കാഴ്ചപ്പാടുകൾ എല്ലാം വലിയതിരുമേനി രൂപപെടുത്തിയതിനു (വലിയതിരുമേനിയുടെ കല്പനകളിൽ രേഖപെടുത്തിരിക്കുന്നു) ശേഷമാണു താൻ പ്രിയം വച്ച തന്റെ അരുമ നാഥന്റെ സന്നിധിയിലേക്ക് മടങ്ങിപോയതു.
“ആലുവായിലെ വലിയ തിരുമേനി” എന്ന് വിശ്വാസസമൂഹം ഭയഭക്തിയോടെ വിളിച്ചപ്പോൾ, അത് ആ പിതാവിന്റെ ഉയർന്ന പദവിയെ മാത്രമല്ല സൂചിപ്പിക്കുന്നത്; മറിച്ച് ആ പിതാവിന്റെ വിശുദ്ധജീവിതത്തിന്റെ മഹത്വവും, സത്യവിശ്വാസത്തോടുള്ള അചഞ്ചലമായ ഭക്തിയും, ബഹുമാനവും, വിശ്വാസികളോടുള്ള അഗാധ സ്നേഹവും (ഭക്ഷണം നൽകാതെ ആരെയും തൃക്കുന്നത്ത് സെമ്മിനാരിയിൽ നിന്നും മടക്കിയയക്കുകയില്ലായിരുന്നു), സഭയ്ക്കായി സഹിച്ച ത്യാഗങ്ങളും, കഷ്ടപ്പാടുകളും അടയാളപ്പെടുത്തുന്നതാണ്.
ആത്മീയതയും പ്രവർത്തിയും വേർപെടുത്താതെ, വിശ്വാസത്തെ ജീവിതസാക്ഷ്യമായി മാറ്റിയ ഒരു പരിശുദ്ധ പിതാവിനെയാണ് വലിയതിരുമേനിയിൽ നമുക്കു കാണുവാൻ സാധിക്കുക. പരിശുദ്ധനായ ആലുവായിലെ വലിയതിരുമേനിയെ ഓർക്കാതെ നമുക്കു മുന്നോട്ടു പോകാനാകില്ല. അത്ര മാത്രം ഇന്നത്തെ സഭയുടെ ഭാവി നിശ്ചയിക്കുന്നതിൽ വലിയെ തിരുമേനിയുടെ വലുതായ സംഭാവനകളുണ്ട്. സത്യവിശ്വാസത്തിൽ പരിശുദ്ധ സഭയുടെ ഭാവി ശ്രദ്ധയോടെ കരുപിടിപ്പിക്കുന്നതിൽ തന്റെ ജീവിതം ഉഴിഞ്ഞു വച്ച വലിയ തിരുമേനിയെ “സത്യവിശ്വാസസംരക്ഷകൻ” എന്ന വലിയ സ്ഥാനം സമ്മാനിച്ച് കൊണ്ടാണ് അന്നത്തെ പരിശുദ്ധ പാത്രിയർകീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ഒന്നാമൻ ബാവ ആദരിച്ചത്.
പരിശുദ്ധനായ ആലുവയിലെ അത്താനാസിയോസ് വലിയ തിരുമേനിയെ കുറിച്ച് സ്മരിക്കുമ്പോൾ ആദ്യം സ്മരണയിലേക്കു എത്തുന്നത് “കണ്ണുനീരോടു കൂടിയുള്ള പ്രാർത്ഥനയാണ്”. സൺഡേ സ്കൂൾ പ്രസ്ഥാനത്തിന് ഈടുറ്റ സംഭാവനകൾ നൽകിയ, വലിയ തിരുമേനിയുടെ ശിക്ഷണത്തിൽ വളർന്ന ബഹു. ഷെവ. തര്യൻ കെ. പൈനാടത്തു സർ ഇപ്രകാരം രേഖപെടുത്തുന്നു. “… ഇത്രയേറെ മനമുരുകി പ്രാർത്ഥിച്ചിരുന്നവർ വേറെ അതികം ഉണ്ടെന്നു കരുതുന്നില്ല. ഉള്ളിന്റെ ഉള്ളിൽ നിന്നും, കണ്ണുനീരിന്റെ അകമ്പടിയോടെ ഇടറുന്ന തൊണ്ടയോടെ അവിടുന്ന് നടത്തിവന്നിരുന്ന ‘യാചനകൾ’ അത് കേൾക്കാൻ ഇടയായിട്ടുള്ളവരുടെ ഹൃദയങ്ങളിൽ ഇപ്പോഴും തളംകെട്ടി നിൽക്കുന്നുണ്ടാവും. അത്ര മാത്രം ഹൃദയസ്പർശിയായിരുന്നു” (പരി. വലിയ തിരുമേനിയുടെ മെത്രാഭിഷേക ശതാബ്ദി വിശ്വസസംരക്ഷകൻ സപ്ലിമെന്റ്. പേജ് 4).
പ്രാർത്ഥനകളിലും, കൗദാശിക കാര്യങ്ങളിലും, ആചാര-അനുഷ്ഠാനങ്ങളിലും പുലർത്തിയ നിഷ്ഠയും, ആത്മീയ-നിർബന്ധങ്ങളും വലിയ തിരുമേനിയെ അന്നത്തെ പരിശുദ്ധ സഭയുടെ ആത്മീയ മുഖമാക്കി തീർത്തു. തലമുറകളുടെ ഭാവിയാണ് പരിശുദ്ധ സഭയുടെ ഭാവി എന്ന വലിയ തിരുമേനിയുടെ കാഴ്ചപ്പാടുകളും അതിനായി ആരംഭിച്ച – സൺഡേസ്കൂൾ, വനിതാസമാജം, വിദ്യാർത്ഥി പ്രസ്ഥാനം – അന്നും, ഇന്നും സഭാപ്രതിസന്ധികളിൽ നിന്നും എന്നാളും കരകയറുവാനുള്ള ചവിട്ടുപടിയായി മാറി.
വലിയതിരുമേനി ഏതു സത്യവിശ്വാസത്തിനുവേണ്ടി നിലകൊണ്ടുവോ, ആ സത്യവിശ്വാസത്തെ തിരസ്കരിക്കുന്നവരുടെ കൈകളിൽ താൻ ജീവിച്ചതായ തൃക്കുന്നത്തു സെമ്മിനാരി ചെന്ന് ചേർന്ന് എന്നുള്ളത് വേദനയായി നിലകൊള്ളുന്നു. വലിയ തിരുമേനി ജീവിച്ചിരുന്നപ്പോൾ ശക്തിയുക്തം എതിർത്തിരുന്നവരും, ആക്ഷേപിച്ചിരുന്നവരും എന്ത് ധാർമ്മികതയുടെ പേരിലാണ് പരിശുദ്ധ പിതാവിന്റെ പെരുന്നാൾ കൊണ്ടാടുന്നത് എന്നറിയില്ല.
യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തായും, പിന്നീട് മലങ്കര മെത്രാപ്പോലീത്തയുമായ വലിയ തിരുമേനി ഒരിക്കൽ പോലും മറുവിഭാഗത്തോട് ചേർന്ന് നിന്നും പിതാവല്ലായിരുന്നു. വലിയ തിരുമേനി യാക്കോബായ സുറിയാനി സഭയുടെ മാത്രം പിതാവാകുന്നു, യാക്കോബായ സഭയുടെ സത്യവിശ്വാസം ഉയർത്തിപ്പിടിച്ച ആ ധന്യ ജീവിതം നമ്മുടെ തലമുറകൾക്കു എന്നാളും ഒരു പാഠപുസ്തകമായി തീരട്ടെ. പരിശുദ്ധ സഭയുടെ ദൈവമക്കൾ ആലുവ തൃക്കുന്നത് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ വലിയ തിരുമേനിയുടെയും, അങ്കമാലി ഭദ്രാസനത്തെ മേയിച്ചു നയിച്ചവരായ പിതാക്കന്മാരുടെ പെരുന്നാൾ ജനുവരി മാസം 18 മുതൽ 25 വരെ കൊണ്ടാടുന്നു. ശ്രേഷ്ഠ കാതോലിക്കയും, അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയുമായ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മഹനീയ കാർമ്മികത്വത്തിലാണ് ഈ വർഷത്തെ പെരുന്നാൾ കൊണ്ടാടുന്നത്. പരിശുദ്ധനായ ആലുവയിലെ വലിയതിരുമേനിയുടെ മദ്ധ്യസ്ഥത നമുക്കു കാവലും, കോട്ടയുമായി തീരട്ടെ.
