പുത്തൻകുരിശ് ● തന്റെ കണ്ണുനീരാലും പ്രാർത്ഥനയാലും പരിശുദ്ധ യാക്കോബായ സുറിയാനി സഭയെ പരിപാലിച്ച സത്യവിശ്വാസ സംരക്ഷകനാണ് ആലുവായിലെ പരിശുദ്ധ പൗലോസ് മോർ അത്തനാസിയോസ് വലിയ തിരുമേനി എന്ന് കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത പറഞ്ഞു. പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന പരിശുദ്ധൻ്റെ ഓർമ്മപ്പെരുന്നാളിൽ വി. കുർബ്ബാനയർപ്പണത്തിന് ശേഷം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത.
അന്ത്യോഖ്യാ സിംഹാസനവുമായുള്ള മലങ്കരയുടെ അഭേദ്യമായ ബന്ധം നിലനിർത്താൻ സഭയെ സഹായിച്ചത് വലിയ തിരുമേനിയുടെ ഉറച്ച വിശ്വാസവും തീവ്രമായ പ്രാർത്ഥനകളുമാണ്. ഭക്തി, നിഷ്കളങ്കത, ആത്മാർത്ഥത, ദൈവത്തോടുള്ള അചഞ്ചലമായ വിശ്വസ്തത എന്നിവയുടെ പര്യായമായിരുന്നു വലിയ തിരുമേനി. നിർമ്മലമായ വിശുദ്ധ ജീവിതം കൊണ്ട് സുറിയാനി സഭയെ ധന്യമാക്കിയ ആ പിതാവിന്റെ ഓർമ്മ നമുക്ക് എന്നും അനുഗ്രഹമാണമെന്ന് മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
വന്ദ്യ ബെന്യാമിൻ മുളരിക്കൽ റമ്പാൻ പെരുന്നാൾ ശുശ്രൂഷകളിൽ സഹകാർമികനായി. തുടർന്ന് പരിശുദ്ധൻ്റെ തിരുശേഷിപ്പ് പേടകത്തിൽ ധൂപപ്രാർത്ഥന, തുടർന്ന് പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിങ്കൽ ധൂപപാർത്ഥന, പ്രദക്ഷിണം എന്നിവ നടന്നു.
വികാരി ഫാ. അജീഷ് മാത്യു, ഫാ. ബെസ്സി ജോൺ, പെരുന്നാൾ കൺവീനർ ബേബി വർഗീസ് എന്നിവർ നേതൃത്വം നൽകി.




