സത്യവിശാസ സംരക്ഷണാർത്ഥം മലങ്കരയിലേക്കെഴുന്നെള്ളിയ പരിശുദ്ധ പിതാക്കന്മാർ (പ്രധാനമായും യെരൂശലേം, തുർക്കി, സിറിയ, ഇറാക്ക്, എന്നീ രാജ്യങ്ങളിൽ നിന്ന്) നിരവധി ബുദ്ധിമുട്ടുകളും വെല്ലുവിളികളും സഹിക്കുകയും അവരുടെ ജീവൻ തന്നെ ബലിയായി കൊടുക്കുകയും ചെയ്തിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ മലങ്കര സുറിയാനി സഭയെ നയിച്ചിരുന്ന തോമാ അർക്കദിയക്കോൻ തുടർച്ചയായി അയച്ച കത്തുകളുടെ അടിസ്ഥാനത്തിലാണ് മോർ അഹത്തുള്ള ബാവാ അന്ത്യോഖ്യായിൽ നിന്ന് മലങ്കരയിലേക്കയയ്ക്കപ്പെട്ടത്. തന്റെ ആടുകളുടെ ബുദ്ധിമുട്ടുകളായിരുന്നു തോമാ ആർക്കദിയക്കോൻ അറിയിച്ചിരുന്നത്.
മോർ അഹത്തുള്ള ബാവ ഏ.ഡി. 1653-ൽ മലങ്കരയിലെത്തി. ഏ.ഡി. 1599-ലെ ഉദയംപേരൂർ സുന്നഹദോസിനുശേഷം മലങ്കരസഭ, റോമൻ കത്തോലിക്കസഭയുടെ അധികാരത്തിൻകീഴിലായിരുന്നു. മധ്യപൂർവ്വദേശത്തുനിന്നും മെത്രാപ്പോലീത്തമാർ വന്നിറങ്ങാൻ സാദ്ധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും പോർച്ചുഗീസ് പട്ടാളക്കാർ കാവൽ നിൽക്കുന്നതിനു പോർച്ചുഗീസുകാരായ മെത്രാന്മാർ ഏർപ്പാടു ചെയ്തിരുന്നു.
മലങ്കരയിലെ ആത്മീയ മക്കളുടെ അടുക്കലേക്ക് അയയ്ക്കപ്പെട്ട മോർ അഹത്തുള്ള ബാവാ ഏ.ഡി. 1653-ൽ സൂററ്റിലെത്തി. പോർച്ചുഗീസുകാരിൽനിന്നും വിവരം അറിഞ്ഞതനുസരിച്ച് ഗോവ ഭരണാധികാരി ബാവായെ ബന്ധിച്ച് മൈലാപ്പൂരിൽ തടവിലാക്കി.
മൈലാപ്പൂരിലെ വിശുദ്ധ മോർ തോമാശ്ലീഹായുടെ കബറിടസ്ഥലത്തേക്കു തീർത്ഥയാത്ര പോയ ചെങ്ങന്നൂരുകാരൻ ചെങ്ങയിൽ ഇട്ടിശെമ്മാശനും കുറവിലങ്ങാട്ടുകാരൻ കിഴക്കേടത്തു കുര്യൻ ശെമ്മാശനും ബാവായെ യാദൃശ്ചികമായി കണ്ടുമുട്ടി. അവർ ആശയവിനിമയം നടത്തുകയും അവരുടെ കൈവശം ബാവ ഒരു കൽപന കൊടുത്തയയ്ക്കുകയും ചെയ്തു. അതിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “ഞാൻ മലങ്കരയിലെത്തി തോമാ അർക്കദിയക്കോനെ മെത്രാപ്പോലീത്തയായി വാഴിക്കുന്നതാണ്. പോർച്ചുഗീസുകാരാൽ പിടിച്ചുവയ്ക്കപ്പെട്ട് അവിടെ എത്താൻ സാധിക്കാതെ വന്നാൽ കശീശ്ശന്മാർ, മെത്രാപ്പോലീത്തന്മാർ എന്നിവരുടെ പട്ടംകൊട ഒഴികെയുള്ള എല്ലാ ഭരണ കാര്യങ്ങളും തോമാ അർക്കദിയാക്കോൻ നിർവ്വഹിക്കേണ്ടതാണ്.”
മൈലാപ്പൂരിൽ നിന്നും ബാവായെ വഹിച്ചുകൊണ്ട് ഗോവയിലെ പീഡനസ്ഥലത്തേക്ക് യാത്ര തിരിച്ച കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടു. താങ്കളുടെ പരിശുദ്ധ പിതാവിനെ ഗോവയിലേക്കു കൊണ്ടുപോകുന്ന കപ്പൽ കൊച്ചിയിലെത്തിയെന്നറിഞ്ഞ് ഇരുപത്തയ്യായിരത്തോളം വരുന്ന വിശ്വാസികൾ തോമാ അർക്കദിയക്കോന്റെയും വൈദികരുടെയും നേതൃത്വത്തിൽ കൊച്ചി കോട്ടയിലെത്തി പിതാവിനെ വിട്ടുകിട്ടണമെന്നപേക്ഷിച്ചു. ആ സമയത്ത് കൊച്ചികോട്ടയിൽ മുന്നൂറോളം വരുന്ന പട്ടാളക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ കൊച്ചികോട്ടയിലേക്കുള്ള (കിടങ്ങിന്മേലുണ്ടായിരുന്ന) പാലം വലിച്ചുമാറ്റി പീരങ്കികളുമായി നിലയുറപ്പിച്ചു. നിസ്സഹായരായ വിശ്വാസികൾ കൊച്ചി രാജാവിന്റെ അടുക്കൽ സങ്കടം ബോധിപ്പിച്ചു.
കൊച്ചികോട്ടയുടെ ചുമതലുള്ള ഉദ്യോഗസ്ഥനെ കൊച്ചി രാജാവ് വിളിപ്പിക്കുകയും തടവിലാക്കിയിരുന്ന സുറിയാനിക്കാരുടെ ആത്മീയ പിതാവിനെ വിട്ടുകൊടുക്കുന്നതിന് ഉത്തരവുകൊടുക്കുകയും ചെയ്തു. പോർച്ചുഗീസുകാർ അവരുടെ ഉപായത്താൽ അന്നു രാത്രിയിൽ ബാവായുടെ കഴുത്തിൽ തിരകല്ലു കെട്ടി കടലിൽ മുക്കി കൊലപ്പെടുത്തി. ഈ കൊടുംക്രൂരത സുറിയാനിക്കാർ അറിഞ്ഞപ്പോൾ റോമൻ കത്തോലിക്ക സഭയുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിച്ചു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മട്ടാഞ്ചേരിയിലെ കൽക്കുരിശിൽ ആലാത്തുകെട്ടി കൂടിവന്ന ജനം ചെയ്ത പ്രതി ജ്ഞയാണ് കൂനൻകൂരിശു സത്യം എന്നറിയപ്പെടുന്നത്. ജനുവരി 16-ാം തീയതി അഹത്തുള്ള ബാവായുടെ ഓർമ്മ സുറിയാനി സഭ ആചരിക്കുന്നു
