കിഴക്കമ്പലം ● ദൈവാലയങ്ങൾ കേവലം ശബ്ദകോലാഹലങ്ങളുടെ വേദിയാകരുതെന്നും അവിടെ എപ്പോഴും ഉയർന്നുനിൽക്കേണ്ടത് ആത്മീയതയുടെ ആത്മീയ ആരവമാണെന്നും ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ പറഞ്ഞു. നവീകരിച്ച വിലങ്ങ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ കൂദാശ വേളയിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
ആധുനിക കാലത്ത് ആത്മീയതയേക്കാൾ ഉപരിയായി ബാഹ്യമായ പ്രകടനങ്ങൾക്കും ശബ്ദഘോഷങ്ങൾക്കും മുൻഗണന നൽകുന്ന രീതിയിലേക്ക് ആരാധനാ അന്തരീക്ഷം മാറുന്നുണ്ടോ എന്ന് വിശ്വാസസമൂഹം സ്വയം പരിശോധിക്കണമെന്നും ബാവ ഓർമ്മിപ്പിച്ചു. സുറിയാനി സഭയുടെ പാരമ്പര്യങ്ങളും ആധ്യാത്മികതയും കൈവിടാതെ വിശ്വാസജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഓരോ വിശ്വാസിയും ബാധ്യസ്ഥനാണ്. ആത്മീയതയിൽ അധിഷ്ഠിതമായ ഒരു രൂപാന്തരീകരണത്തിന് വേണ്ടിയുള്ള നിരന്തരമായ പരിശ്രമമാണ് തീർത്ഥാടകരായ നമ്മുടെ ജീവിതയാത്രയെന്നും ബാവ കൂട്ടിച്ചേർത്തു. ദൈവത്തെ ആരാധനാലയങ്ങളിൽ മാത്രം കുടിയിരുത്തി, ജീവിതത്തിൽ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്ന രീതി വിശ്വാസികൾക്ക് ഭൂഷണമല്ല. ഹൃദയത്തിൽ വസിക്കുന്ന ദൈവത്തെ എപ്പോഴും വിഭാവനം ചെയ്യാൻ നമുക്ക് കഴിയണം. ആരാധനയിലൂടെ നാം സ്വാംശീകരിക്കുന്ന ആത്മീയത നമ്മുടെ ജീവിതത്തെ എല്ലാ അർത്ഥത്തിലും സ്വാധീനിക്കുമ്പോഴാണ് വിശുദ്ധ കുർബാനയും മറ്റ് ശുശ്രൂഷകളും പൂർണ്ണതയിലെത്തുന്നതെന്ന് ശ്രേഷ്ഠ ബാവ ഓർമ്മിപ്പിച്ചു.
നവീകരിച്ച ദൈവാലയത്തിൻ്റെ വിശുദ്ധ മൂറോൻ കൂദാശ ശ്രേഷ്ഠ ബാവ നിർവ്വഹിച്ചു. പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത, അങ്കമാലി മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവർ സഹകാർമികരായി.
വികാരി ഫാ. എബി ഏലിയാസ് പുത്തൻവീട്ടിൽ, ട്രസ്റ്റിമാരായ പി.എം. ജോർജ്, ബിജു പോൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.






