പുത്തൻകുരിശ് ● പരിശുദ്ധ പൗലോസ് മോർ അത്താനാസിയോസ് തിരുമേനിയുടെ (ആലുവായിലെ വലിയ തിരുമേനി) ഓർമ്മപ്പെരുന്നാൾ പരിശുദ്ധൻ്റെ നാമത്തിലുള്ള ആദ്യ ദൈവാലയമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ഭക്ത്യാദരപൂർവ്വം കൊടിയേറി.
ഇന്ന് (ജനുവരി 10 ശനി) രാവിലെ വിശുദ്ധ കുർബ്ബാനാന്തരം തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റ് നിർവഹിച്ചു.
വൈകിട്ട് 6 മണിക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ നേതൃത്വത്തിൽ സന്ധ്യാനമസ്കാരം, പരിശുദ്ധൻ്റെ തിരുശേഷിപ്പ് പേടകത്തിൽ ധൂപപ്രാർത്ഥന, തുടർന്ന് പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിങ്കൽ ധൂപപാർത്ഥന എന്നിവ നടക്കും. തുടർന്ന് പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ എന്നിവ ഉണ്ടാകും.
പ്രധാനപ്പെരുന്നാൾ ദിനമായ നാളെ (ജനുവരി 11 ഞായറാഴ്ച) രാവിലെ 7 മണിക്ക് പ്രഭാത പ്രാർത്ഥന, 7:45-ന് കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിമേൽ കുർബ്ബാന, തുടർന്ന് പരിശുദ്ധൻ്റെ തിരുശേഷിപ്പ് പേടകത്തിൽ നിന്നും ഭക്ത്യാദരവോടെ പുറത്തെടുക്കുന്ന ചടങ്ങ് എന്നിവ നടക്കും. തുടർന്ന് പ്രദക്ഷിണം, ആശിർവാദം, നേർച്ചവിളമ്പ്, കൊടിയിറക്കം എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
വികാരി ഫാ. അജീഷ് മാത്യു, ഫാ. ബെസ്സി ജോൺ, പെരുന്നാൾ കൺവീനർ ബേബി വർഗീസ് എന്നിവർ നേതൃത്വം നൽകും.




