മുംബൈ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ജനുവരി 3, 4 തീയതികളിൽ മുംബൈ സന്ദർശിക്കും. അതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഭാരവാഹികൾ അറിയിച്ചു. ജനുവരി 3 (ഇന്ന്) ഉച്ചയ്ക്ക് 12 മണിക്ക് മുംബൈ വിമാനത്താവളത്തിൽ ശ്രേഷ്ഠ ബാവായെ സ്വാഗത സംഘം ജനറൽ കൺവീനർ ഫാ. ജോസഫ് വാഴയിൽ, ഭദ്രാസന ഭാരവാഹികളായ ഫാ. നെല്ലിക്കാത്തുരുത്തേൽ, പി.പി. ജിമ്മി, ടി.എ. ജോർജ്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ വൈദികരും വിശ്വാസികളും ചേർന്നു സ്വീകരിക്കും.
വൈകിട്ട് 5.30-ന് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മുളുണ്ട് സിറ്റി ഓഫ് ജോയ് ജംഗ്ഷനിൽ നിന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളിയിലേക്ക് ഭദ്രാസനത്തിലെ എല്ലാ പള്ളികളിൽ നിന്നുള്ള വൈദികരും, വിശ്വാസികളും ചേർന്ന് ആനയിക്കും. 6.15-ന് സന്ധ്യാപ്രാർഥനയെ തുടർന്ന് ഫാ. മാത്യുസ് ചാലപ്പുറത്തിന്റെ അധ്യക്ഷതയിൽ നടത്തുന്ന സ്വീകരണ സമ്മേളനത്തിൽ : ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻ ഡെ, ഗതാഗതമന്ത്രി പ്രതാപ് സർനായിക്, വിവിധ സഭാ മേലധ്യക്ഷന്മാരായ ഡോ. മാത്യൂസ് മോർ പക്കോമിയോസ് (മലങ്കര കത്തോലിക്ക സഭ), ഡോ. ജോസഫ് മോർ ഇവാനിയോസ് (മാർത്തോമ്മാ സഭ), ബിഷപ് പ്രഭു ഡി.ജ. ബമണി (സി.എൻ.ഐ), എംപിമാരായ ശ്രീകാന്ത് ഷിൻഡെ, സഞ്ജയ് ദിന പാട്ടീൽ, മിഹർ കൊടേച്ച എംഎൽഎ, മുൻ എംഎൽസി ചരൺ സിങ് ചപ്ര ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
ജനുവരി 4 (നാളെ) രാവിലെ 7 മണിക്ക് നെരുൾ സെൻ്റ തോമസ് പള്ളിയിൽ ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്വീകരണം. 7.30-ന് വിശുദ്ധ കുർബ്ബാന, 10 മണിക്ക് പ്രസംഗം, 10.30-ന് ആശീർവാദം. വൈകിട്ട് 4.30-ന് കാലാപുരിൽ സ്കൂൾ മന്ദിരം, റിട്ടയർമെന്റ് ഹോം എന്നിവയുടെ ശിലാസ്ഥാപനം നിർവഹിക്കും. ശ്രീരംഗ് ബാർണെ എംപി, മഹേന്ദ്ര തോർവെ എംഎൽഎ., ഇ.വി. തോമസ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.




