പുത്തൻകുരിശ് ● പുതുവർഷപ്പിറവിയോട് അനുബന്ധിച്ച് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയിൽ അഞ്ഞുറോളം വിശ്വാസികൾ പങ്കുചേർന്നു.
അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത കുർബ്ബാനയ്ക്ക് പ്രധാന കാർമികത്വം വഹിച്ചു. അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, വന്ദ്യ ബെന്യാമിൻ മുളയിരിക്കൽ റമ്പാൻ എന്നിവർ സഹകാർമികരായിരുന്നു. അനേകം വൈദികർ സംബന്ധിച്ചു.
പുതിയ വർഷത്തിലേക്ക് പ്രവേശിക്കുന്നതിൻ്റെ ഭാഗമായി വിശ്വാസികൾക്കായി വിശുദ്ധ കുമ്പസാരത്തിനുള്ള പ്രത്യേക സൗകര്യവും ദൈവാലയത്തിൽ ഒരുക്കിയിരുന്നു. ഡിസംബർ 26-ന് പാത്രിയർക്കാ സെൻ്ററിൽ ആരംഭിച്ച സഭയുടെ 36-ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന് ഇതോടെ ഭക്തിനിർഭരമായ സമാപനമായി.




