പുത്തൻകുരിശ് ● ലൗകിക ജീവിതത്തിനിടയിലും ദൈവത്തെ തിരിച്ചറിഞ്ഞ് അവിടുത്തോട് ആത്മീയമായി സമീപസ്ഥരാകാനും ദൈവഹിതം നിറവേറ്റാനും വിശ്വാസികൾക്ക് സാധിക്കണമെന്ന് മൈലാപ്പൂർ-ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത പറഞ്ഞു.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മൈതാനിയിൽ നടക്കുന്ന 36-ാമത് അഖില മലങ്കര സുവിശേഷമഹായോഗത്തിന്റെ സമാപന ദിവസം ആമുഖ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത.
ഉയരത്തിലുള്ള ദൈവത്തെക്കുറിച്ചുള്ള ചിന്ത എപ്പോഴും മനസ്സിൽ നിലനിൽക്കണം. ദൈവം നമ്മെ നിരീക്ഷിക്കുന്നുണ്ടെന്ന ബോധ്യത്തോടെയും ദൈവഭയത്തോടെയുമാണ് ഓരോ വിശ്വാസിയും ജീവിക്കേണ്ടത്. ഭൂമിയിൽ ദൈവത്തെ കാണിച്ചു തരുന്നവരെയും ദൈവസാന്നിധ്യം അനുഭവിച്ച് ഉത്തമ ജീവിതം നയിച്ചവരെയും മാതൃകയാക്കി ജീവിക്കുവാൻ വിശ്വാസികൾ തയ്യാറാകണമെന്ന് മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു.
വന്ദ്യ ജോർജ്ജ് മാന്തോട്ടം കോറെപ്പിസ്കോപ്പ മുഖ്യ സന്ദേശം നൽകി. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അധ്യക്ഷത വഹിച്ചു.
സുവിശേഷ സംഘം പ്രസിഡൻ്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ അഫ്രേം മാത്യൂസ്, മോർ ഐറേനിയോസ് പൗലോസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ്ജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, സുവിശേഷ സംഘം ഭാരവാഹികളായ സെക്രട്ടറി മോൻസി വാവച്ചൻ, ട്രഷറർ തോമസ് കണ്ണടിയിൽ എന്നിവർ സംബന്ധിച്ചു.
പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്മരണാർത്ഥം താൽക്കാലികമായി പള്ളികൾ നഷ്ടപ്പെട്ട 20 ഇടവകകൾക്ക് സാമ്പത്തിക സഹായം നൽകി.
സഭയുടെ ഔദ്യോഗിക സംഗീത വിഭാഗമായ ‘കേനോറൊ’ ഗാനശുശ്രൂഷ നടത്തി. “ഉയരത്തിലുള്ളത് തന്നെ ചിന്തിക്കുവിൻ” (കൊലോസിയർ 3:2) എന്നതായിരുന്നു ഈ വർഷത്തെ ചിന്താവിഷയം.
മൂവാറ്റുപുഴ, അങ്കമാലി മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത പുതുവത്സര സന്ദേശം നൽകി. പുതുവത്സരത്തോടനുബന്ധിച്ച് വി. മൂന്നിന്മേൽ കുർബ്ബാനയോടെ സുവിശേഷ മഹായോഗം സമാപിച്ചു.




