പുത്തൻകുരിശ് ● നല്ലതിനെ മുറുകെപ്പിടിച്ചു കൊണ്ട് ഉയരങ്ങളിൽ ദൃഷ്ടിയുറപ്പിച്ച് കർത്താവിനെ അടുത്തറിഞ്ഞാൽ മാത്രമേ ദൈവസാന്നിധ്യം വ്യക്തമായി തിരിച്ചറിയാൻ സാധിക്കുകയുള്ളൂവെന്ന് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പറഞ്ഞു.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മൈതാനിയിൽ നടക്കുന്ന 36-ാമത് അഖില മലങ്കര സുവിശേഷമഹായോഗത്തിന്റെ അഞ്ചാം ദിവസം ആമുഖ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത.
ഉന്നതങ്ങളിലേക്ക് നോക്കി പ്രാർത്ഥിക്കുമ്പോൾ ദൈവം നമ്മെ എങ്ങനെ കാണുന്നുവെന്നും മനുഷ്യൻ്റെ യഥാർത്ഥ ആത്മീയ അവസ്ഥ എന്താണെന്നും തിരിച്ചറിയാൻ കഴിയുന്നതെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി. ലോകത്തിന്റെ അനേക ശബ്ദങ്ങൾക്കിടയിൽ കർത്താവിന്റെ സ്വരം വേർതിരിച്ചറിയാനുള്ള ആത്മീയ ജാഗ്രത അനിവാര്യമാണെന്ന് മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു. ഫാ. ടിജു വർഗീസ് പൊൻപള്ളി മുഖ്യ സന്ദേശം നിർവഹിച്ചു.
സുവിശേഷ സംഘം പ്രസിഡൻ്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ അഫ്രേം മാത്യൂസ്, മോർ അന്തോണിയോസ് യാക്കോബ്, മോർ യൂലിയോസ് ഏലിയാസ്, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ്ജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, സൺഡേ സ്കൂൾ ജനറൽ സെക്രട്ടറി പി.വി ഏലിയാസ് എന്നിവർ സംബന്ധിച്ചു.
സഭയുടെ ഔദ്യോഗിക സംഗീത വിഭാഗമായ ‘കേനോറൊ’ ഗാനശുശ്രൂഷ നടത്തി. “ഉയരത്തിലുള്ളത് തന്നെ ചിന്തിക്കുവിൻ” (കൊലോസിയർ 3:2) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.
സുവിശേഷ യോഗത്തോടനുബന്ധിച്ച് സെൻ്റ് പോൾസ് മിഷൻ ഓഫ് ഇൻഡ്യയുടെ വാർഷിക സമ്മേളനം നടന്നു. ഫാ. എൽദോസ് പുളിഞ്ചോട്ടിലിൻ്റെ അധ്യക്ഷതയിൽ സുവിശേഷ സംഘം പ്രസിഡൻ്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. തങ്കച്ചൻ തോമസ് കടയ്ക്കനാട്, ജോർജ് മാന്തോട്ടം കോറെപ്പിസ്കോപ്പ, മോൻസി വാവച്ചൻ, തോമസ് കണ്ണടിയിൽ എന്നിവർ പ്രസംഗിച്ചു.
സമാപന ദിവസമായ നാളെ (ഡിസംബർ 31 ബുധൻ) രാവിലെ 7 ന് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ വിശുദ്ധ കുർബ്ബാന, ഉച്ചയ്ക്ക് 2.30 മുതൽ 4 വരെ യൂത്ത് അസ്സോസിയേഷൻ, കുടുംബ യൂണിറ്റ് സംയുക്ത സംഗമം എന്നിവ നടക്കും. വൈകിട്ട് 5.30-ന് സന്ധ്യാപ്രാർത്ഥനയെ തുടർന്ന് മൈലാപ്പൂർ, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത ആമുഖ സന്ദേശവും വന്ദ്യ ജോർജ്ജ് മാന്തോട്ടം കോറെപ്പിസ്കോപ്പ മുഖ്യ സന്ദേശവും നൽകും.
മൂവാറ്റുപുഴ, അങ്കമാലി മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് പുതുവത്സര സന്ദേശം നൽകും. പുതുവത്സരത്തോടനുബന്ധിച്ച് 10:45-ന് നടക്കുന്ന വി. കുർബ്ബാനയോടെ സുവിശേഷ മഹായോഗം സമാപിക്കും.






